ശ്രീനഗര്‍: സി.ആര്‍.പി.എഫ് ശ്രീനഗര്‍ യൂണിറ്റ് ട്വിറ്ററിലൂടെ പുറത്തുവിട്ട ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

സൈനികനായ മുസ്‌ലീം നിസ്‌കരിക്കാന്‍ വേണ്ടി തോക്കേന്തി കാവല്‍ നില്‍ക്കുന്ന സഹസൈനികന്റെ ചിത്രമാണ് അത്.

സമാധാനത്തിനായി കൈകോര്‍ത്ത സഹോദരന്‍മാര്‍ എന്ന തലക്കെട്ടോടെയാണ് ശ്രീനഗറിലെ സി.ആര്‍.പി.എഫ് യൂണിറ്റ് ചിത്രം പുറത്തുവിട്ടത്. ഈ ചിത്രത്തിന് പിന്തുണയുമായി നിരവധി പേരാണ് ട്വിറ്റില്‍ രംഗത്തെത്തിയത്.

ഇതാണ് യഥാര്‍ത്ഥ ഇന്ത്യയെന്നും എന്താണ് ഐക്യമെന്ന് ഈ ഒരൊറ്റ ചിത്രം നമുക്ക് കാണിച്ചുതരുന്നുവെന്നുമായിരുന്നു പലരുടേയും പ്രതികരണം.

അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സുരക്ഷാ സേനയുടെ കര്‍ശനമായ സാന്നിധ്യത്തില്‍ പോലും കാശ്മീര്‍ അതിന്റെ ഏറ്റവും കലുഷിതമായ ഒരു അവസ്ഥയിലാണെന്നാണ് പറയുന്നത്.

അക്രമസംഭവങ്ങളില്‍ 93 ശതമാനത്തോളം വര്‍ധയാണ് 2016 ല്‍ മാത്രം ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ 2016 ല്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 19 ശതമാനവും കാശ്മീരിലാണ്. സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെ വലിയതോതിലുള്ള ആക്രമണങ്ങളാണ് അടുത്തകാലത്തായി നടന്നുകൊണ്ടിരിക്കുന്നത്.