എഡിറ്റര്‍
എഡിറ്റര്‍
സൈന്യവും പൊലീസും സി.ആര്‍.പി.എഫും ചേര്‍ന്ന് ആസാമില്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തി; തെളിവുകള്‍ നിരത്തി പൊലീസ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 24th May 2017 12:32pm

ന്യൂദല്‍ഹി: ആസാമില്‍ സി.ആര്‍.പി.എഫും പൊലീസും സൈന്യവും ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുണ്ടെന്നാരോപിച്ച് പൊലീസ് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട്. ഷില്ലോങ് സി.ആര്‍.പി.എഫില്‍ ഐ.ജിയായി പോസ്റ്റു ചെയ്യപ്പെട്ട രജനീഷ് റായി ദല്‍ഹിയിലെ സി.ആര്‍.പി.എഫ് ഹെഡ്ക്വാട്ടേഴ്‌സിലേക്ക് അയച്ച റിപ്പോര്‍ട്ടിലാണ് ഗുരുതര ആരോപണങ്ങള്‍ ഉള്ളത്. ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഓഫീസറാണ് രജനീഷ് റായി.

അംഗുരി പൊലീസ് സ്റ്റേഷനു കീഴിലുള്ള സിംലാഗുരി ഗ്രാമത്തില്‍ എന്‍.ഡി.എഫ് ബോഡോലാന്റ് അംഗങ്ങള്‍ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം വ്യാജ ഏറ്റുമുട്ടലാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഡി കാലിങ് ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും പിടികൂടിയ ഇവരെ സിംലാഗുരിയില്‍വെച്ച് കൊലപ്പെടുത്തുകയാണുണ്ടായതെന്നാണ് അദ്ദേഹം റിപ്പോര്‍ട്ടില്‍ സമര്‍ത്ഥിക്കുന്നത്.


Must Read: ഒരു കൂട്ടം ആളുകള്‍ക്ക് എന്തുമാകാമെന്ന അവസ്ഥ പാടില്ല; നിയമസഭയില്‍ പൊട്ടിത്തെറിച്ച് പിണറായി വിജയന്‍ 


ഇവരെ കൊലപ്പെടുത്തിയശേഷം ഇവരുടെ ശരീരത്തില്‍ ആയുധങ്ങള്‍ വെയ്ക്കുകയാണുണ്ടായത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ലുകാസ് നര്‍സാരി എന്ന എന്‍ ലാങ്ഫയും ഡേവിഡ് അയലറി എന്ന ദായൂദുമാണ് സിംലാഗുരിയില്‍ കൊല്ലപ്പെട്ടത്. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നു തെളിയിക്കാന്‍ തന്റെ പക്കല്‍ സാക്ഷികളുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2017 ഏപ്രില്‍ 17നാണ് റിപ്പോര്‍ട്ട് അയച്ചത്.

റിപ്പോര്‍ട്ടിലെ പ്രധാന വാദങ്ങള്‍:

ഏറ്റുമുട്ടല്‍ നടക്കുന്നതിനു മണിക്കൂറുകള്‍ മുമ്പാണ് കോബ്രയുടെ സി.ആര്‍.പി.എഫ് യൂണിറ്റ് സിംലഗുരിയിലെത്തിയതെന്നാണ് ജി.പി.എസ് റെക്കോര്‍ഡുകള്‍ വ്യക്തമാക്കുന്നത്. എന്‍.ഡി.എഫ്.ബബി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഏറ്റുമുട്ടല്‍ നടപ്പിലാക്കാന്‍ പറ്റിയ ഇടം അവര്‍ പരിശോധിക്കുകയാണെന്ന സംശയം ബലപ്പെടുത്തുന്നതാണിത്.

കൊല്ലപ്പെട്ടയാളുടെ ഫോട്ടോഗ്രാഫ് കണ്ട് തലേദിവസം ഡി കാല്ലിങ് ഗ്രാമത്തില്‍ നിന്നും പിടികൂടിയവരാണിതെന്ന് തിരിച്ചറിഞ്ഞ സാക്ഷികളുണ്ട്. എന്നാല്‍ അവരുട മൊഴി റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടില്ല. സാക്ഷികളുടെ ഐഡന്റിറ്റി സംരക്ഷിക്കണമെന്നും സ്വതന്ത്ര അന്വേഷണ സംഘത്തിനു മുമ്പില്‍ അവരെ ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.


Also Read: ‘അഹമ്മദ് വാനി ഉദ്യോഗസ്ഥരുടെ അശ്രദ്ധയുടെ ഇര’ 16വര്‍ഷം ജയിലില്‍ കഴിഞ്ഞ അലിഗഢ് സര്‍വ്വകലാശാല അധ്യാപകന് യു.പി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി


എന്‍.ഡി.എഫ്.ബി പ്രവര്‍ത്തകരെ പിടികൂടിയ വീട്ടില്‍ 11കാരനായ ഒരു കുട്ടിയുണ്ടായിരുന്നു. ഈ കുട്ടിയെ ഓപ്പറേഷന്‍ നടക്കുന്ന സമയത്ത് അടുത്തവീട്ടിലെ ഒരു സ്ത്രീ എടുത്തുകൊണ്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

210 കോബ്രയുടെ ടീം നമ്പര്‍ 15 ആണ് ഈ ഓപ്പറേഷന്‍ നടത്തിയെന്നാണ് അവകാശവാദം. എന്നാല്‍ ടീമിലെ ചിലരോട് ഇക്കാര്യത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ ആരാഞ്ഞപ്പോള്‍ തങ്ങള്‍ അതിലുണ്ടായിരുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. നേരത്തെ ഈ ഓപ്പറേഷന്റെ ക്രഡിറ്റ് ഏറ്റെടുത്ത ഉദ്യോഗസ്ഥര്‍ തന്നെ ഇങ്ങനെ പറയുമ്പോള്‍ അതില്‍ ചില പ്രശ്‌നങ്ങളില്ലേയെന്നും റിപ്പോര്‍ട്ടില്‍ അദ്ദേഹം ചോദിക്കുന്നു.

ഡി കാല്ലിങ് ഗ്രാമത്തില്‍ നിന്നും എന്‍.ഡി.എഫ്.ബി പ്രവര്‍ത്തകരെ പിടികൂടിയ സംഘം ഔഗുരിയില്‍ മറ്റൊരു ടീമിനെ കണ്ടു. അതിനുശേഷം ഇരുവരും ചേര്‍ന്നാണ് ഇവരെ കൊല്ലാനുള്ള തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement