Categories

ആസാം ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് വെളിപ്പെടുത്തിയ സി.ആര്‍.പി.എഫ് ഐ.ജിയെ സ്ഥലംമാറ്റി

ന്യൂദല്‍ഹി: ഈ വര്‍ഷം മാര്‍ച്ചില്‍ ആസാമില്‍ രണ്ടുപേരുടെ മരണത്തിന് കാരണമായ ഏറ്റുമുട്ടല്‍ വ്യാജമാണെന്നു വെളിപ്പെടുത്തിയ സി.ആര്‍.പി.എഫ് ഐ.ജിക്ക് സ്ഥലംമാറ്റം. ഐ.ജി രജനീഷ് റായിയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുകയാണ്.

ആന്ധ്രാപ്രദേശിലേക്കാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയിരിക്കുന്നത്. റായിയുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിട്ടിരിക്കുന്നത്.

ഷില്ലോങ് സി.ആര്‍.പി.എഫില്‍ ഐ.ജിയായി പോസ്റ്റു ചെയ്യപ്പെട്ട രജനീഷ് റായി ദല്‍ഹിയിലെ സി.ആര്‍.പി.എഫ് ഹെഡ്ക്വാട്ടേഴ്സിലേക്ക് അയച്ച റിപ്പോര്‍ട്ടിലായിരുന്നു ആസാം ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് തെളിവുസഹിതം ചൂണ്ടിക്കാട്ടിയത്.

അംഗുരി പൊലീസ് സ്റ്റേഷനു കീഴിലുള്ള സിംലാഗുരി ഗ്രാമത്തില്‍ എന്‍.ഡി.എഫ് ബോഡോലാന്റ് അംഗങ്ങള്‍ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഡി കാലിങ് ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും പിടികൂടിയ ഇവരെ സിംലാഗുരിയില്‍വെച്ച് കൊലപ്പെടുത്തുകയാണുണ്ടായതെന്നാണ് അദ്ദേഹം റിപ്പോര്‍ട്ടില്‍ സമര്‍ത്ഥിച്ചത്.


Related news:സൈന്യവും പൊലീസും സി.ആര്‍.പി.എഫും ചേര്‍ന്ന് ആസാമില്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തി; തെളിവുകള്‍ നിരത്തി പൊലീസ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട് 


ഇവരെ കൊലപ്പെടുത്തിയശേഷം ഇവരുടെ ശരീരത്തില്‍ ആയുധങ്ങള്‍ വെയ്ക്കുകയാണുണ്ടായത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ലുകാസ് നര്‍സാരി എന്ന എന്‍ ലാങ്ഫയും ഡേവിഡ് അയലറി എന്ന ദായൂദുമാണ് സിംലാഗുരിയില്‍ കൊല്ലപ്പെട്ടത്. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നു തെളിയിക്കാന്‍ തന്റെ പക്കല്‍ സാക്ഷികളുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. 2017 ഏപ്രില്‍ 17നാണ് റിപ്പോര്‍ട്ട് അയച്ചത്.

Tagged with: