കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ യാത്രയില്‍ പ്രോട്ടോക്കോള്‍ വരെ തെറ്റിച്ച് കടന്നുകൂടിയ സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരനെ വെട്ടിമാറ്റിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഷെയര്‍ ചെയ്ത ഫോട്ടോ ആഘോഷമാക്കുകയാണ് സൈബര്‍ ലോകം.

ക്രോപ് ലെസന്‍സ് എന്ന ഹാഷ് ടാഗിട്ടാണ് ട്വിറ്ററില്‍ ഇത് ആഘോഷമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ കയ്യടിച്ച് അഭിനന്ദിച്ചാണ് സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു രംഗത്തെത്തിയത്.

കുമ്മനത്തെ നൈസായിട്ടങ്ങ് ക്രോപ് ചെയ്‌തെന്നും ക്രോപ്പിങ് ഓപ്ഷന് പറ്റിയ നല്ല ഉദാഹരണമെന്നും ചിലര്‍ പറയുമ്പോള്‍ ചതിച്ചതാ കുമ്മനത്തെ ചതിച്ചതാ എന്നുപറഞ്ഞുകൊണ്ടാണ് ചിലര്‍ കുമ്മനത്തിന്റെ നടപടിയെ പരിഹസിക്കുന്നത്.

വലിഞ്ഞ് കേറി വന്ന ജഡിലശ്രീയ കട്ട് ചെയ്ത് പിണറായി സഖാവെന്നും കുമ്മനംജി യെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നാല് ഫ്‌ലെസ്‌ക് മെട്രോക്ക് മുകളില്‍ വെക്കും എന്ന് സംഘം അറിയിച്ചെന്നും ചിലര്‍ കളിയാക്കുന്നു.

കന്നിയാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഫേസ്ബുക്കിലിട്ട ഫോട്ടോയിലാണ് കുമ്മനത്തെ ഒഴിവാക്കിയത്.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവര്‍ണര്‍ സദാശിവം എന്നിവര്‍ മാത്രമാണ് മുഖ്യമന്ത്രി പോസ്റ്റു ചെയ്ത ഫോട്ടോയിലുള്ളത്. ഗവര്‍ണറുടെ തൊട്ടപ്പുറത്തിരിക്കുന്ന കുമ്മനം രാജശേഖരനെ വെട്ടിമാറ്റിയതായാണ് കാണുന്നത്.