ന്യൂദല്‍ഹി: ട്വന്റി-20 ലോകകപ്പ് ടീമില്‍ യുവരാജിനെ ഉള്‍പ്പെടുത്തിയ ബി.സി.സി.ഐ തീരുമാനത്തെ ഏവരും സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. യുവിയുടെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് തെറ്റില്ലെന്ന് യുവിയുടെ ആരാധകര്‍ക്കും മറ്റ് കളിക്കാര്‍ക്കും ഉറപ്പായിരുന്നു.

Ads By Google

Subscribe Us:

എന്നാല്‍ യുവിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്ത് ചിലര്‍ രംഗത്തെത്തിയിരിക്കുകയാണ്. ലോകകപ്പ് മത്സരത്തില്‍ ഇറങ്ങാന്‍ യുവി പ്രാപ്തനാണോ എന്നാണ് വേള്‍ഡ് കപ്പ് സ്‌ക്വാഡിലെ ചിലരുടെ സംശയം.

എന്നാല്‍ ഇതിന് മറുപടിയുമായി യുവരാജ് തന്നെ രംഗത്തെത്തി.’ എനിയ്‌ക്കെതിരെയും എന്റെ കഴിവിനെതിരെയും ആരോപണമുന്നയിക്കുന്നവര്‍ ഇതുവരെ എന്നെ ശ്രദ്ധിച്ചിട്ടില്ല, അവര്‍ക്ക് എന്റെ അസുഖത്തെ കുറിച്ചോ ഇപ്പോഴത്തെ ഫിറ്റ്‌നെസിനെക്കുറിച്ചോ അറിയില്ല.

എന്നാല്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാനുള്ള കഴിവും ഫിറ്റ്‌നെസും എനിയ്ക്കുണ്ടെന്ന വിശ്വാസം ഉണ്ട്. എന്റെ കഴിവില്‍ മറ്റുള്ളവരേക്കാള്‍ വിശ്വാസം വേണ്ടത് എനിയ്ക്കാണ്. ലോകകപ്പില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്’- യുവരാജ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസമായി തന്റെ പ്രാക്ടീസും പ്രകടനവും കാണുന്നവര്‍ എന്തുകൊണ്ടാണ് ഫിറ്റ്‌നെസില്‍ സംശയം പ്രകടിപ്പിച്ചതെന്ന് അറിയില്ലെന്നും യുവി പറഞ്ഞു.

നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ കഠിനപരിശീലനത്തിലാണ് യുവി ഇപ്പോള്‍.