എഡിറ്റര്‍
എഡിറ്റര്‍
തിരിച്ചടിക്കുമെന്ന് ഭയം: മൊബൈല്‍ ഫോണ്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു
എഡിറ്റര്‍
Thursday 9th August 2012 8:31am

ന്യൂദല്‍ഹി: ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ മൊബൈല്‍ ഫോണും കണക്ഷനും നല്‍കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു. പദ്ധതി സര്‍ക്കാരിന് തിരിച്ചടിയായേക്കുമെന്ന് ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അഭിപ്രായപ്പെട്ടതോടെയാണ് ഇത് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Ads By Google

2014 തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു.പി.എ സര്‍ക്കാര്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ള  ഓരോ കുടുംബത്തിനും ഒരു മൊബൈല്‍ ഫോണ്‍ വീതം നല്‍കുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ആഗസ്റ്റ് 15ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇക്കാര്യം പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ പദ്ധതിയാണ് വിമര്‍ശനങ്ങളെ തുടര്‍ന്ന് യു.പി.എ സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അരി നല്‍കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ഫോണ്‍ നല്‍കുന്നുവെന്ന ആക്ഷേപമുയര്‍ന്നാല്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാവുകയെന്ന ഭീതിയാണ് പദ്ധതി തല്‍ക്കാലം വേണ്ടെന്നുവെക്കാന്‍ കാരണം. ‘ഇന്ത്യ തിളങ്ങുന്നു’ കാമ്പയിന്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ തോല്‍വിയേറ്റുവാങ്ങിയ എന്‍.ഡി.എ സര്‍ക്കാറിന്റെ അനുഭവപാഠമാണ് ഇക്കാര്യത്തില്‍ മാറിച്ചിന്തിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഫോണിനും കണക്ഷനും പുറമെ, പ്രതിമാസം 200 ലോക്കല്‍ മിനിറ്റ് സംസാര സമയവും സൗജന്യമായി നല്‍കാനായിരുന്നു പദ്ധതി. ഹര്‍ ഹാത്ത് മേം ഫോണ്‍ എന്ന പേരില്‍ പദ്ധതി പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. 7000 കോടിയായിരുന്നു ഇതിന് ചിലവ് പ്രതീക്ഷിച്ചിരുന്നത്. സൗജന്യ മൊബൈല്‍ ഫോണ്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ തയാറാക്കാന്‍ ആസൂത്രണ കമ്മീഷനോടും ടെലികോം മന്ത്രാലയത്തോടും പ്രധാനമന്ത്രി കാര്യാലയം ആവശ്യപ്പെടുകയും ചെയ്തു. അതിനിടെയാണ് പദ്ധതി വേണ്ടെന്നുവെച്ചിരിക്കുന്നത്.

Advertisement