Administrator
Administrator
അഴീക്കോട്: ചില മറുവാക്കുകള്‍…
Administrator
Tuesday 24th January 2012 7:49pm

കഴിഞ്ഞ അന്‍പത് വര്‍ഷക്കാലം മലയാളികളുടെ ഹൃദയത്തില്‍ ജീവിക്കുകയായിരുന്നു സുകുമാര്‍ അഴീക്കോട്. സാഹിത്യ, രാഷ്ട്രീയ വിമര്‍ശനം, പ്രഭാഷണം, സാംസ്‌കാരിക ഇടപെടല്‍ തുടങ്ങി അഴീക്കോട് ഇക്കാലയളവില്‍ ചെയ്തുകൂട്ടിയതെന്തെന്ന് ഒറ്റവാചകത്തില്‍ പറയാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ  നിശിത വിമര്‍ശനം പലരെയും പൊള്ളിച്ചിട്ടുണ്ട്. ‘അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍’ എന്ന മട്ടില്‍ ഒരു കാലത്ത് അഴീക്കോടിന്റെ വിമര്‍ശനശരം ഏറ്റു വാങ്ങാത്ത നേതാക്കളേ ഇല്ല എന്ന അവസ്ഥയായിരുന്നു കേരളീയ സമൂഹത്തില്‍!. അദ്ദേഹത്തിന്റെ വിമര്‍ശന കൂരമ്പേറ്റവരല്ലായിരുന്നു തിരിച്ച് അദ്ദേഹത്തെ വിമര്‍ശിക്കാനുണ്ടായിരുന്നതെന്നത് കൗതുകകരമാണ്. എന്നാല്‍ ഇപ്പുറത്ത് മറ്റൊരു വിഭാഗം അഴീക്കോടിനെ നിരൂപിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. അഴീക്കോടിന്റെ മരണത്തിന് ശേഷവും അവര്‍ അത് തുടരുന്നു…

സമൂഹത്തിലെ പ്രധാന വ്യക്തികള്‍ മരിച്ചാല്‍ അവരെ പുകഴ്ത്തി മാത്രം പ്രതികരണങ്ങള്‍ നല്‍കുക എന്ന നടപ്പ് മാധ്യമ രീതി മാറി നടക്കാന്‍ ‘ഡൂള്‍ ന്യൂസ്’ ശ്രമിക്കുകയാണ്. വ്യക്തികള്‍ മരിച്ചാലും അവരെ വിമര്‍ശനവിധേയമായി വിലയിരുത്തുന്നതില്‍ തെറ്റില്ല എന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍ ഈ അഭിപ്രായങ്ങള്‍ കൂടി ഇവിടെ രേഖപ്പെടുത്തട്ടെ.

വി.എസ് അനില്‍കുമാര്‍- എഴുത്തുകാരന്‍

സുകുമാര്‍ അഴീക്കോട് നല്ല അവസരവാദിയായിരുന്നു. എം.ടിയുടെ കാലം എന്ന നോവലിലെ സേതു എന്ന കഥാപാത്രത്തെപ്പോലെയാണ് അദ്ദേഹം. സേതുവിന് എപ്പോഴും ഒരാളോട് മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളൂ. അത് സേതുവിനോട് തന്നെയാണ്.

ധീരമായും മുഖം നോക്കാതെയും സ്വന്തം അഭിപ്രായങ്ങള്‍ വിളിച്ചുപറയുന്ന ഒരു സാംസ്‌കാരിക നായകന്‍ എന്ന നിലയിലാണ് ആളുകള്‍ അഴീക്കോടിനെ കാണുന്നത്. വാസ്തവത്തില്‍ ഇതൊരു തെറ്റിദ്ധാരണയാണ്. വളരെ സുരക്ഷിതമായി കൃത്യമായ പിന്തുണകള്‍ ലഭ്യമാക്കിയതിനുശേഷം മാത്രമേ അദ്ദേഹം തന്റെ ‘ധീരമായ’ അഭിപ്രായങ്ങള്‍ പറയാറുള്ളൂ. വി.എസിനെതിരെ അദ്ദേഹം പ്രസ്താവനയിറക്കിയത് പിണറായി പക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കിയശേഷമാണ്.

ചാര്‍ളി ചാപഌന്റെ ലൈംലൈറ്റിലെ കഥാപാത്രത്തെ പോലെയായിരുന്നു അഴീക്കോട്. എല്ലാ കാര്യങ്ങളിലും കേന്ദ്രബിന്ദുവാകാന്‍ ശ്രമിക്കുകയും അതിന് അപ്പുറത്തേക്ക് യാതൊരുവിധ താത്പര്യവുമല്ലാത്ത ഒരാളായിരിക്കുകയും ചെയ്യുക. അഴീക്കോടും ഏതാണ്ടിതുപോലെ ആയിരുന്നു. അടിസ്ഥാനപരമായി ഭീരുത്വത്തിന്റെ ഒരംശം അദ്ദേഹത്തില്‍ ഉണ്ടായിരുന്നു.

അഭിപ്രായങ്ങള്‍ പറയാന്‍ എപ്പോഴും തയ്യാറായ ഒരു ശബ്ദം കേരളത്തില്‍ ഇല്ലാതായിരിക്കുന്നു. അതാണ് ഡോ. സുകുമാര്‍ അഴീക്കോടിന്റെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്.

അഡ്വക്കറ്റ് എ. ജയശങ്കര്‍- മാധ്യമ നിരൂപകന്‍

സുകുമാര്‍ അഴീക്കോട് യഥാര്‍ത്ഥത്തില്‍ കുട്ടികൃഷ്ണമാരാര്‍ക്കും ജോസഫ് മുണ്ടശ്ശേരിക്കും ശേഷം മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച സാഹിത്യ നിരൂപകനും പ്രഭാഷകനുമാണെന്നതില്‍ സംശയമില്ല. സാഹിത്യ നിരൂപകന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ മൂന്ന് മേഖലകളിലും അഴീക്കോട് പ്രശസ്തനായിരുന്നു. കവിതാ നിരൂപണത്തില്‍ അദ്ദേഹം തന്റെ വൈദഗ്ധ്യം വ്യക്തമായി തന്നെ തെളിയിച്ചിട്ടുണ്ട്.

അദ്ദേഹം ഒരു ഗാന്ധിയനും വാഗ്ഭടാനന്ദന്റെ ശിഷ്യനുമായിരുന്നു. അദ്ദേഹം സാഹിത്യകാരനായിരുന്നു, രാഷ്ട്രീയപ്പാര്‍ട്ടികളുമായി അടുപ്പം പുലര്‍ത്തിയ ആളുമായിരുന്നു. കുറേകാലം അദ്ദേഹം കോണ്‍ഗ്രസ്സുകാരനായിരുന്നു. കോണ്‍ഗ്രസ്സിന് ഉണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്ന മുല്യങ്ങള്‍ ഇല്ലെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ്സില്‍ നിന്ന് പോന്നു.

പിന്നീട് ഇടതുപക്ഷ പാര്‍ട്ടികളുമായി അടുപ്പം പുലര്‍ത്തിയ അദ്ദേഹം അവര്‍ക്കു വേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. അശോകന്‍ ചെരുവില്‍, കെ.ഇ.എന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ ആ സമയത്ത് എടുത്തു പൊക്കി കൊണ്ടുനടന്നു. പിന്നെ അഴീക്കോട് ദേശാഭിമാനിയില്‍ കോളം എഴുതാന്‍ തുടങ്ങി. പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണര്‍ അനുമതി കൊടുത്തപ്പോള്‍ ഗവര്‍ണ്ണര്‍ക്ക് ഭരണഘടന അറിയുമോ എന്ന് ചോദിച്ചു അഴീക്കോട്. ഈ ചോദിച്ച അഴീക്കോടിന് ഭരണഘടനയില്‍ എന്തറിയാം എന്നത് ആരും ചോദിച്ചില്ല.

വിജയന്‍ മാഷെ പോലെ കൃത്യമായ നിലപാട് സുകുമാര്‍ അഴീക്കോടിന് ഉണ്ടായിരുന്നില്ല. പല കാര്യങ്ങളിലും പല സന്ദര്‍ഭങ്ങളിലും അദ്ദേഹം ഒരിക്കല്‍ പറഞ്ഞ നിലപാടുകളില്‍ നിന്നും മാറുന്നത് നമ്മള്‍ കണ്ടതാണ്. കാറും കവറും കവറിന്റെ കനവും നോക്കി ആര്‍ക്കെതിരെയും അഭിപ്രായം പറയുന്നയാളാണ് അഴീക്കോട് എന്ന് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് ഇടയ്ക്ക് ഞാന്‍ തന്നെ എടുത്തുപറയുകയും ചെയ്തിരുന്നു.

ഒ.എന്‍.വി കുറുപ്പിനെപ്പോലുള്ള നിലനില്‍പ്പിനും അവരുടേതായ രാഷ്ട്രീയ ലാഭങ്ങള്‍ക്കും വേണ്ടി തഞ്ചം നോക്കി നില്‍ക്കുന്ന മലയാളത്തിലെ രാഷ്ട്രീയക്കാരെപോലെ മിക്കപ്പോഴും അഴീക്കോട് പെരുമാറി. എങ്കിലും ഇതിനെല്ലാമപ്പുറത്ത് വൈജ്ഞാനിക സാഹിത്യ രംഗത്ത് അദ്ദേഹം വലിയ അറിവുള്ള മനുഷ്യനായിരുന്നു.

എം.എ റഹ്മാന്‍-എഴുത്തുകാരന്‍

ഒരു വിഷയത്തില്‍ എങ്ങിനെ പ്രതികരിക്കാനം, എങ്ങിനെ ഒരു വിഷയം കൈകാര്യം ചെയ്യാം എന്ന് അഴീക്കോട് മാഷ് നമുക്ക് കാണിച്ചു തന്നു. വ്യക്തിപരമായി എന്റെ ജീവിതത്തില്‍ ഞാന്‍ വളരെയധികം നിരീക്ഷിച്ച വ്യക്തിയാണ് അഴിക്കോട്. അദ്ദേഹം ഒരു പ്രശ്‌നം എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്ന് മനസ്സിലാക്കിയത്, എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും മറ്റു സമരങ്ങളുടെയുമൊക്കെ പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നെ സഹായിച്ചിട്ടുണ്ട്.

എംഫില്ലിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എനിക്ക് അഡ്മിഷന്‍ തരാത്തതുമായി ബന്ധപ്പെട്ട് ഞാന്‍ ഒരിടത്തും ഒരു പരാതിയും കേസും അദ്ദേഹത്തിനെതിരെ കൊടുത്തിട്ടില്ല. കാരണം എനിക്ക് പ്രവേശനം നിഷേധിച്ചത് എന്നെ ബാധിച്ചിരുന്നില്ല. എന്തുകൊണ്ട് എനിക്ക് അഡ്മിഷന്‍ നല്‍കിയില്ല എന്നു ചോദിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അതെങ്കിലും ചോദിച്ചില്ലെങ്കില്‍ പിന്നെന്തു ജനാധിപത്യമാണ്?

ആ പ്രശ്‌നം തികച്ചു പോസറ്റീവ് ആയാണ് ഞാനെടുത്തത്. അനീതികളോട് പോരാടാന്‍ ആ പ്രശ്‌നം എന്നെ സഹായിച്ചു. അദ്ദേഹം അന്ന് അങ്ങിനെ പെരുമാറി എനിക്ക് അവസരം നിഷേധിച്ചെങ്കിലും ഞാന്‍ എന്റെ ജീവിതം പടുത്തുയര്‍ത്തി. മുഖ്യധാരയില്‍ ലഭിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും അദ്ദേഹം അനുഭവിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്കിടയിലും നേതാക്കന്മാരുണ്ട്. വന്‍വൃക്ഷങ്ങളുടെ ഇടയില്‍ നിന്ന് വളര്‍ന്ന് വരുന്ന ചെറിയ മരങ്ങളെ കണ്ടിട്ടില്ലേ?

സുനില്‍ പി. ഇളയിടം-വിമര്‍ശകന്‍

നവോത്ഥാനന്തരം രൂപപ്പെട്ടു വന്ന ജീവിത ബോധത്തിന്റെ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ഉയര്‍ന്നതും ഒരുപക്ഷേ അവസാനത്തേതുമായ അടയാളമായിട്ടായിരിക്കും അഴീക്കോട് മാഷിനെ കാലം വിലയിരുത്തുക. അഴീക്കോട് മാഷ് ഒരു ആള്‍ അല്ല. ഒരു കാലഘട്ടം ഉയര്‍ത്തിയ ജീവിത വീക്ഷണത്തിന്റെ ആദര്‍ശത്തിന്റെ ഒരു ബോധത്തിന്റെ രൂപമായിരുന്നു. അഴീക്കോട് അറിയപ്പെട്ട ഒരു ആള്‍ ആണ്. അദ്ദേഹം ജീവിച്ചു വന്ന ഒരു കാലം രൂപപ്പെടുത്തിയ ഒരാളായിട്ടാണ് എനിക്ക് തോന്നുന്നത്. അതിന്റെ ആകെത്തുകയായതു കൊണ്ടാണ് അദ്ദേഹത്തിന് പ്രഭാഷകനായും വിമര്‍ശകനായും അധ്യാപകനായും ജീവിക്കാന്‍ സാധിച്ചത്. അത് ഇപ്പോഴത്തെ ജീവിതത്തിന്റെ അടയാളങ്ങളല്ല. നവോത്ഥാനന്തരം രൂപപ്പെട്ട ജീവിതത്തിന്റേതാണ്.

രണ്ടാമതായിട്ട് നമ്മുടെ ഭാഷ കണ്ട ഏറ്റവും വലിയ പ്രഭാഷകനായിരുന്നു അഴീക്കോട്. നമുക്ക് വേറെയും വലിയ പ്രഭാഷകരുണ്ടായിട്ടുണ്ട്. തെരുവിന്റെ അങ്ങേ അറ്റത്തു നില്‍ക്കുന്ന തൊഴിലാളിക്കും വലിയ പണ്ഡിതനും ദാര്‍ശനികനും കവിക്കുമൊക്കെ മനസ്സിലാകുന്ന ഭാഷണമായിരുന്നു അഴീക്കോടിന്റേത്. അതിന്റെ അര്‍ത്ഥം മറ്റുള്ളവര്‍ മോശമാണെന്നല്ല. വിജയന്‍ മാഷ് ഒരു ധൈഷണിക പ്രഭാഷകനായിരുന്നു. സാനു മാഷുടേത് വളരെ ധ്വന്യാത്മവും ധ്വനി സാന്ദ്രവുമായ പ്രഭാഷണവുമാണ്. അഴീക്കോട് മാഷിന്റെ പ്രഭാഷണം സര്‍വ്വതല സ്പര്‍ശിയായിരുന്നു.

തത്വമസിയില്‍ അദ്ദേഹം ഭാരതീയ യജ്ഞ യാഗ പാരമ്പര്യത്തിനെതിരെ ഉപനിഷത്ത് പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചു. 1980-90 കളില്‍ ശാസ്ത്ര സാങ്കേതിക കണ്ടു പിടുത്തങ്ങളുടെ, അതിഭൗതികതയുടെ വ്യാഖ്യാനത്തോടെ കപടമായ മതാത്മകതയെ കേരളത്തിലും ഇന്ത്യയിലും അവതരിപ്പിക്കപ്പെടുകയുണ്ടായി. ഈയൊരു കാലഘട്ടത്തിലാണ് തത്വമസി രചിക്കപ്പെടുന്നത്. തത്വമസി വളരെ ഉള്‍ക്കാഴ്ചയുള്ള മൗലികമായ ഒരു കൃതിയാണെന്ന് എനിക്ക് അഭിപ്രായമില്ല. അതിലെ ആശയങ്ങള്‍ പലയിടത്തും കാണാന്‍ പറ്റും. വിവേകാനന്ദനെപ്പോലുള്ളവരെല്ലാം അത് പറഞ്ഞിട്ടുണ്ട്. പക്ഷേ ആ കാലഘട്ടത്തില്‍ അതിന് ചരിത്രപരമായ പ്രാധാന്യം ഉണ്ടായിരുന്നു. അതുപോലെ ഇന്ത്യന്‍ പാരമ്പര്യത്തെ വിമര്‍ശിച്ചപ്പോള്‍ അടിമുടി വര്‍ഗ്ഗീയതെക്കെതിരെ അദ്ദേഹം ഉറച്ചു നിന്നു. സെക്കുലറിസ്റ്റുകളും മറ്റും ഈ നിലപാട് എടുത്തിട്ടുണ്ട്. പക്ഷേ മതത്തിനകത്തും പുറത്തും നിന്നു കൊണ്ട് ഇത്തരത്തിലുള്ള ഒരു വിമര്‍ശനം നടത്താന്‍ അദ്ദേഹം ശ്രമിച്ചു.

വിമര്‍ശകന്‍ എന്ന നിലയില്‍ അദ്ദേഹം ഉണ്ടാക്കിയ കോളിളക്കങ്ങള്‍ ആ കാലഘട്ടത്തില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അത് കാലത്തെ അതിജീവിക്കുന്നതോ ചിരസ്ഥായി ആയ കോളിളക്കവുമൊന്നുമല്ല. തന്റെ കാലത്ത് ഉണ്ടായ സമരങ്ങളിലും ചര്‍ച്ചകളിലും സജീവമായി അദ്ദേഹവും പങ്കെടുത്തു എന്നു മാത്രമെ കരുതേണ്ടതുള്ളൂ.പിന്നെ കുമാരനാശാനൊക്കെ പറയുന്നത് പോലെ ‘കോപ്പിടും നൃപതി പോലെയും കളിപ്പാട്ടം…..പോലെ’- എന്നു പറയുന്നതു പോലെ അദ്ദേഹത്തില്‍ ശിശു ഉണ്ടായിരുന്നു. ചില ദുശ്ശാഠ്യങ്ങളും മുന്‍വിധികളും അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്നു. ഒരാളോട് അനിഷ്ടം തോന്നിയാല്‍ അത് തുറന്നു പറയുകയും പിന്നീട് അത് ക്ഷമിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അത് ഒരു അവസരവാദമാണെന്ന് എനിക്ക് തോന്നുന്നില്ല. അതെല്ലാം ശരിയായിരുന്നു എന്നല്ല ഞാന്‍ പറയുന്നത്. അത് അദ്ദേഹത്തിന്റെ പ്രകൃതത്തിന്റെ ഭാഗമായിരുന്നു.

Malayalam News
Kerala News in English

Advertisement