എഡിറ്റര്‍
എഡിറ്റര്‍
റയല്‍ മാഡ്രിഡ് ടീമില്‍ കളിക്കുന്നതില്‍ സന്തോഷവാനല്ല: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
എഡിറ്റര്‍
Tuesday 4th September 2012 12:03pm

മാഡ്രിഡ്: റയല്‍ മാഡ്രിഡ് ടീമില്‍ കളിക്കുന്നതില്‍ താന്‍ ഒട്ടും സന്തോഷവാനല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗില്‍ റയല്‍ 3-0ന് ജയിച്ചതിന്‌ തൊട്ട് പിന്നാലെയാണ് റൊണാള്‍ഡോ ഇക്കാര്യം തുറന്നുപറഞ്ഞത്.

Ads By Google

ടീമില്‍ കളിക്കുന്നതില്‍ താന്‍ സന്തോഷവാനല്ലെന്നും ഒരു മത്സരത്തില്‍ നിന്നും തനിയ്ക്ക് സംതൃപ്തി ലഭിക്കുന്നില്ലെന്നും താരം തുറന്നടിച്ചു. ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന കളിക്കാരില്‍ ഒരാളാണ് ഈ പോര്‍ചുഗല്‍ താരം.

പതിനൊന്നര കോടി ഡോളറിന്റെ കരാറിനാണ് ഈ സ്‌ട്രൈക്കര്‍ 2009ല്‍ റയലിലെത്തിയത്. ഏതാണ്ട് ഇത്രതന്നെ തുക പരസ്യം അടക്കമുള്ള മറ്റുവരുമാനങ്ങളില്‍ നിന്നും കിട്ടും. എന്നിട്ടും ദുഃഖിതനാകുന്നതിന്റെ കാരണം വിശദീകരിക്കാന്‍ താരം തയാറായില്ല. എങ്കിലും ഇത്രമാത്രം സൂചിപ്പിച്ചു. കാരണം വ്യക്തിപരമല്ല. പ്രഫഷണലാണ്.

റൊണാള്‍ഡോ റയല്‍ മാഡ്രിഡ് ക്ലബ് പ്രസിഡന്റുമായി ചര്‍ച്ച നടത്തിയിരുന്നതായും ക്ലബ് വിടാന്‍ താത്പര്യം പ്രകടിപ്പിച്ചതായും വാര്‍ത്തയുണ്ടായിരുന്നു. ഡ്രസ്സിങ് റൂമില്‍ തനിക്ക് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്നായിരുന്നു താരത്തിന്റെ പരാതി.

ഏതായാലും യൂറോപ്യന്‍ ഫുട്‌ബോളര്‍ പട്ടം നഷ്ടപ്പെട്ടത് സംബന്ധിച്ച നിരാശയൊന്നും ഇതിന് പിന്നിലില്ലെന്ന് താരം തീര്‍ത്തു പറഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ രാജ്യത്തിനായി കളിക്കാന്‍ വേണ്ടി തത്ക്കാലം പോര്‍ചുഗല്‍ ടീമിലേക്ക്‌ മടങ്ങുകയാണെന്നാണ് താരം പറഞ്ഞത്.

Advertisement