ലണ്ടന്‍: റയല്‍ മാഡ്രിഡ് വിടുമെന്ന് ഉറപ്പായതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പുതിയ ചുവടുമാറ്റം ഏതു ക്ലബ്ബിലേക്കാണെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. അലക്‌സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കായിരിക്കും ഈ പോര്‍ച്ചുഗീസ് താരം ചേക്കേറുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

താരത്തെ ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫെര്‍ഗൂസന്‍ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇക്കാര്യം ഫെര്‍ഗൂസന്‍ തന്റെ സുഹൃത്തും ഇറ്റലിയുടെ ലോകകപ്പ് വിജയിച്ച ടീമിന്റെ കോച്ചുമായ മാര്‍സെലോ ലിപ്പിയോട് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തേ കോച്ച് ജോസെ മൗറീന്യോയുമായുള്ള ഉടക്കിനെ തുടര്‍ന്നാണ് ടീം വിടാന്‍ ക്രിസ്റ്റിയാനോ തീരുമാനിച്ചത്. തുടര്‍ന്ന് റെക്കോര്‍ഡ് തുകയായ 80 മില്യണ്‍ പൗണ്ടിന് റൊണാള്‍ഡോയെ വില്‍ക്കാന്‍ തയ്യാറാണെന്ന് റയല്‍ വ്യക്തമാക്കുകയായിരുന്നു. ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍വേട്ട നടത്തി റെക്കോര്‍ഡിട്ട ക്രിസ്റ്റിയാനോ മാഞ്ചസ്റ്ററിന് മുതല്‍ക്കൂട്ടാകുമെന്നാണ് ഫെര്‍ഗൂസന്റെ പ്രതീക്ഷ.