എഡിറ്റര്‍
എഡിറ്റര്‍
ഭരണം പുന:സ്ഥാപിക്കാതെ ഈജിപ്തിലെ പ്രതിസന്ധി നീങ്ങില്ല: മുര്‍സി
എഡിറ്റര്‍
Thursday 14th November 2013 12:50am

mursi

കെയ്‌റോ: പട്ടാള അട്ടിമറിക്കു മുന്‍പുള്ള ഭരണം പുന:സ്ഥാപിക്കാതെ രാജ്യത്തെ പ്രതിസന്ധി നീങ്ങില്ലെന്ന് ഈജിപ്തിലെ മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി.

തന്റെ തിരിച്ച് വരവ് വൈകുന്നതാണ് ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും മുര്‍സി പറഞ്ഞു.

മൂന്ന് മാസത്തോളമായി ഈജിപ്ത് അടിയന്തിരാവസ്ഥക്ക് കീഴിലാണ്. അടിയന്തിരാവസ്ഥ പിന്‍വലിച്ചതിന് തൊട്ടുപുറകെയാണ് മുര്‍സിയുടെ പ്രസ്താവന.

നിയമപരമായി അധികാരത്തിലേറിയ തന്നെ പുറത്താക്കിയ പട്ടാള മേധാവിയുടെ നടപടി ജനദ്രോഹപരമാണ്.

പട്ടാള അട്ടിമറിക്കാരെ നിയമനത്തിന് മുന്നില്‍ കൊണ്ടുവരാതെ രാജ്യത്തെ അസ്ഥിരത നീക്കാനാവില്ലെന്നും ജയിലില്‍ കഴിയുന്ന അദ്ദേഹം അഭിഭാഷകര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ പറഞ്ഞു.

ഏറെക്കാലമായി അജ്ഞാത താവളത്തില്‍ തടവിലായിരുന്ന അദ്ദേഹം കഴിഞ്ഞ ആഴ്ച്ചയാണ് വിചാരണയുടെ ഭാഗമായി കോടതിയിലെത്തിയത്.

എന്നാല്‍ നിയമപരമായി താന്‍ ഇപ്പോഴും പ്രസിഡണ്ടായതിനാല്‍ തനിക്കെതിരെ വിചാരണ നടപടികള്‍ നടത്താന്‍ അധികാരമില്ലെന്ന് മുര്‍സി ശഠിച്ചതോടെ അദ്ദേഹത്തെ   ജയിലിലേക്ക് മാറ്റി. ഇവിടെ വച്ചാണ്  അദ്ദേഹം അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തി തന്റെ സന്ദേശം കൈമാറിയത്.

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുര്‍സി പട്ടാള അട്ടിമറിയിലൂടെ കഴിഞ്ഞ ജൂലൈയിലാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്.

മുര്‍സി തടവിലായതിനെത്തുടര്‍ന്ന് മുര്‍സിയെ അനുകൂലിക്കുന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും സൈന്യവും ഏറ്റുമുട്ടല്‍ രൂക്ഷമായിരുന്നു. അനേകം ജീവന്‍ ഈ പ്രക്ഷോഭത്തില്‍ പൊലിഞ്ഞിരുന്നു.

Advertisement