ബാംഗ്ലൂര്‍: ക്രിസ് ഗെയ്ല്‍ എന്ന ഒറ്റയാന്റെ കരുത്തില്‍ ചെന്നൈയെ തോല്‍പ്പിച്ച ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേര്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ എട്ടുവിക്കറ്റിനാണ് ബാംഗ്ലൂര്‍ ജയിച്ചത്.

ടൂര്‍ണമെന്റില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തകര്‍ച്ചയാണ് ചെന്നൈ കിംഗ്‌സ് നേരിട്ടത്. മുന്‍നിര താരങ്ങളെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു. തുടര്‍ന്ന് ധോണിയും (40 പന്തില്‍ 70) വൃദ്ധിമാന്‍ സാഹയും (20) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് 128 എന്ന ടോട്ടലിലെത്തിച്ചത്.

എന്നാല്‍ കഴിഞ്ഞമല്‍സരത്തില്‍ നിറംമങ്ങിയ ഗെയ്ല്‍ തന്റെ ഫോം കണ്ടെത്തിയതോടെ ചെന്നൈ ഹതാശരാവുകയായിരുന്നു. 50 പന്തില്‍ 75 റണ്‍സ് എടുത്ത് ഗെയ്ല്‍ പുറത്താകാതെ നിന്നു. വിരാട് കോലി 31 റണ്‍സെടുത്തു. ഗെയ്‌ലാണ് കളിയിലെ താരം.