എഡിറ്റര്‍
എഡിറ്റര്‍
മൃതദേഹത്തെ അപമാനിച്ചു; 3 യു.എസ് സൈനികര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം
എഡിറ്റര്‍
Tuesday 25th September 2012 11:35am

വാഷിങ്ടണ്‍: താലിബാന്‍കാരുടെ മൃതദേഹങ്ങളെ അപമാനിച്ച മൂന്ന് യു.എസ് സൈനികര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ അമേരിക്ക തീരുമാനിച്ചു. മൃതദേഹങ്ങളെ അപമാനിക്കുന്ന ചിത്രങ്ങള്‍ യു ട്യൂബിലും വെബ്‌സൈറ്റുകളിലും വന്നത് ഏറെ വിവാദങ്ങള്‍ക്ക് ഇടവെച്ചിരുന്നു.

സംഭവം വിവാദമായതോടെ അന്വേഷണവുമായി യു.എസ് അധികൃതര്‍ തന്നെ മുന്നിട്ടിറങ്ങി. യു ട്യൂബും മറ്റ് വെബ്‌സൈറ്റുകളും പ്രസിദ്ധീകരിച്ച വീഡിയോ ചിത്രങ്ങള്‍ യഥാര്‍ത്ഥമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

Ads By Google

മൂന്ന് താലിബാന്‍കാരുടെ മൃതദേഹങ്ങളില്‍ നാല് സൈനികര്‍ മൂത്രമൊഴിക്കുന്നതും തമാശകള്‍ പറയുന്നതുമായിരുന്നു വിഡിയോയിലുണ്ടായിരുന്നത്. മൃതദേഹങ്ങളോട് ഇത്രയും തരംതാണ രീതിയില്‍ പെരുമാറിയ സൈനികര്‍ക്കെതിരെ സമൂഹത്തിന്റെ പലതുറയില്‍ നിന്നും വ്യത്യസ്തരീതിയിലുള്ള പ്രതികരണമായിരുന്നു വന്നത്.

2011 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ അഫ്ഗാനിസ്ഥാനില്‍ നാറ്റോ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച മൂന്നാം ബറ്റാലിയനില്‍പ്പെട്ടവരാണ് മൃതദേഹങ്ങളോട് അനാദരവ് കാട്ടിയത്. 2011 ജൂലൈ 27 നായിരുന്നു വിവാദ സംഭവം.

അമേരിക്കന്‍ സേനയുടെ വിവാദ നടപടിക്കെതിരെ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും രംഗത്തു വന്നിരുന്നു. മറീനുകളുടെ നടപടി മനുഷ്യത്വരഹിതമാണെന്നാണ് ഹമീദ് കര്‍സായി ആരോപിച്ചത്. വീഡിയോ ചിത്രത്തിന്റെ പേരില്‍ അറബ് ലോകത്തും യു.എസ് വിരുദ്ധ വികാരം ശക്തമായിരുന്നു.

Advertisement