എഡിറ്റര്‍
എഡിറ്റര്‍
തേജസ്വി യാദവിനെ നിതീഷ് തള്ളിയത് കേസില്‍ പ്രതിയെന്ന് പറഞ്ഞ്; പുതിയ ഉപമുഖ്യമന്ത്രി പട്ടം നല്‍കിയ സുശീല്‍ കുമാര്‍ മോദി ക്രിമിനല്‍ കേസിലെ അടക്കം പ്രതി
എഡിറ്റര്‍
Friday 28th July 2017 3:27pm


ന്യൂദല്‍ഹി: ബിഹാര്‍ രാഷ്ട്രീയം കുഴഞ്ഞു മറിയുകയാണ്. നാടകീയ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അപ്രതീക്ഷിത രാജിയും പിന്നാലെ മഹാസഖ്യം തകര്‍ത്തു കൊണ്ട് ബി.ജെ.പിയുമായി സംഖ്യം ചേര്‍ന്ന് പിറ്റേ ദിവസം തന്നെ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യലുമെല്ലാം സംഭവബഹുലം തന്നെയായിരുന്നു.

ബി.ജെ.പിയ്‌ക്കെതിരെ ഉയര്‍ന്നു വന്ന മഹാസഖ്യം തകര്‍ത്ത് നിതീഷ് കുമാര്‍ കൂട്ടുകൂടിയിരിക്കുന്നത് ബി.ജെ.പിയുമായി തന്നെയാണ്. തന്റെ രാജിയ്ക്ക് കാരണമായി നിതീഷ് കുമാര്‍ പറയുന്നത് അഴിമതി ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രിയായിരുന്ന തേജ്വസി യാദവ് രാജി വയ്ക്കാന്‍ വിസമ്മതിച്ചു എന്നതാണ്. തേജസ്വിയ്‌ക്കെതിരെ കേസുണ്ടെന്നതാണ് നിതീഷ് കണ്ടെത്തിയ കാരണം. എന്നാല്‍ ലാലുവിന്റെ മകന് പകരം നിതീഷ് ഒപ്പം കൂട്ടിയതാകട്ടെ സുശീല്‍ കുമാര്‍ മോദിയും.

സുശില്‍ കുമാര്‍ ആകട്ടെ ക്രിമിനല്‍ ഗൂഡാലോചനയടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്നയാളാണ്. 120 ബി (ക്രിമിനല്‍ ഗൂഢാലോചന), സാമുദായികസംഘര്‍ഷങ്ങള്‍ക്കു വഴിവയ്ക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, സമാധാനത്തിനു ഭംഗംവരുത്തല്‍ തുടങ്ങിയ ഐ.പി.സി 500, 501, 502, 504 വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് നിതീഷിന്റെ പുതിയ കൂട്ടാളിയുടെ പേരിലു്ള്ള കേസുകള്‍. ബിഹാര്‍ തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി പ്രചരണം നടത്തിയ വ്യക്തിയാണ് ബി.ജെ.പിയുടെ ബിഹാര്‍ ചീഫ് കൂടിയായ സുശീല്‍ കുമാര്‍.


Also Read:  ആ തിരുവസ്ത്രം ഇട്ടോണ്ട് പേക്കൂത്ത് കാട്ടേണ്ടിയിരുന്നില്ല; കോമഡി ഉത്സവം വേദിയില്‍ ഡാന്‍സ് ചെയ്ത പള്ളീലച്ചനെ ആക്രമിച്ച് ക്രിസ്ത്യന്‍ മതമൗലിക വാദികള്‍ 


സുശീല്‍ കുമാറിനെതിരായ കേസുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്ബ് സൈറ്റില്‍ വ്യക്തമായി തന്നെ നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് നിതീഷ് തേജസ്വി കേസില്‍ പ്രതിയാണെന്നു പറഞ്ഞ് രാജി വെക്കുന്നതും സുശീലിനെ പകരക്കാരനാക്കി കൊണ്ട് വീണ്ടും മുഖ്യമന്ത്രിയാകുന്നതും.

അഴിമതിയ്ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെ ലാലുവിന്റേയും നിതീഷിന്റേയും കോണ്‍ഗ്രസിന്റേയും നേതൃത്വത്തിലായിരുന്നു ബിഹാറില്‍ മഹാസഖ്യം രൂപപ്പെട്ടു വരുന്നത്. ബി.ജെ.പിയ്ക്ക് കനത്ത ആഘാതം നല്‍കി കൊണ്ടാണ് സഖ്യം അധികാരത്തിലേറിയതും. എന്നാലിന്ന് സ്വന്തം പാര്‍ട്ടിയായ ജെ.ഡി.യുവില്‍ തന്നെ അഭിപ്രായ ഭിന്നതകള്‍ സൃഷ്ടിച്ച് നിതീഷ് കുമാര്‍ അതേ ബി.ജെ.പിയുടെ കൂട്ടാളിയാകുമ്പോള്‍ വെളിവാകുന്നത് നിതീഷ് കുമാറിന്റെ അധികാര മോഹം തന്നെയാണ്.

Advertisement