Categories

മധ്യപ്രദേശിലെ സ്ഥാനാര്‍ത്ഥികളില്‍ 30 ശതമാനവും ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍

madhyapradesh

ഭോപ്പാല്‍: മധ്യപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളില്‍ മുപ്പത് ശതമാനവും ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ബി.എസ്.പിയുടെയും മറ്റു പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ ഇതില്‍പെടും.

സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് ഈ വിവരം വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ ഇലക്ഷന്‍ കമ്മീഷനില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്ന 2583 സ്ഥാനാര്‍ത്ഥികളാണുള്ളത്. ഇതില്‍ 686 സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ്, ബി.ജെ.പി, ബി.എസ്.പി എന്നീ പാര്‍ട്ടികളില്‍ നിന്നാണ്.

686-ല്‍ 683 സ്ഥാനാര്‍ത്ഥികളെ കുറിച്ചാണ് അസോസിയേഷന്‍ പഠനം നടത്തിയത്. ഇതില്‍ 206 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇതില്‍ തന്നെ 120 പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവ ഇതില്‍പെടുന്നു. കോണ്‍ഗ്രസുകാരായ 50 സ്ഥാനാര്‍ത്ഥികള്‍, ബി.ജെ.പിയുടെ 37 പേര്‍, ബി.എസ്.പിയില്‍ നിന്നുള്ള 33 പേര്‍ എന്നിങ്ങനെയാണ് കണക്ക്.

കോണ്‍ഗ്രസിന്റെ ആകെയുള്ള 228 സ്ഥാനാര്‍ത്ഥികളില്‍ 91 പേരും ക്രിമിനല്‍ കേസുകളിലകപ്പെട്ടവരാണ്. അതായത് 40 ശതമാനം.

അതേസമയം ബി.ജെ.പിയുടെ 229 സ്ഥാനാര്‍ത്ഥികളില്‍ 61 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ബി.എസ്.പിയുടെ 226  സ്ഥാനാര്‍ത്ഥികളില്‍ 54 പേര്‍ പ്രതികളാണ്.

Tagged with: |