ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ എതിരാളിയെ വംശീയമായി അധിക്ഷേപിച്ച ചെല്‍സി ക്യാപ്റ്റന്‍ ജോണ്‍ ടെറിയ്‌ക്കെതിരെ ക്രിമിനല്‍ കേസ്. ക്യൂന്‍സ്പാര്‍ക്ക് റെയ്‌ഞ്ചേഴ്‌സിന്റെ പ്രതിരോധ നിരയിലുള്ള ആന്റണ്‍ ഫെര്‍ഡിനാന്റിനെ ഒക്ടോബര്‍ 23 ന് നടന്ന മത്സരത്തിനിടെ വംശീയമായി അധിക്ഷേപിച്ചുവെന്നാണ് ടെറിക്കെതിരെയുള്ള ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ടെറിയ്‌ക്കെതിരെ കേസെടുത്ത് നിയമനടപടികള്‍ നടത്താനാവശ്യമായ തെളിവുകളുണ്ടെന്ന് ബ്രിട്ടനിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ബുധനാഴ്ച പറഞ്ഞു.

‘ ക്യൂന്‍സ് പാര്‍ക്ക് റെയ്‌ഞ്ചേഴ്‌സും ചെല്‍സിയയും തമ്മിലുള്ള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മാച്ചില്‍ എതിര്‍ടീമിലെ അംഗത്തെ വംശീയമായി അധിക്ഷേപിച്ചതുവഴി പൊതുസമൂഹത്തോട് തെറ്റ് ചെയ്ത ടെറിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് മെട്രോപൊളിറ്റന്‍ പോലീസ് സര്‍വീസിന് ഞാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ ലണ്ടനിലെ ചീഫ് ക്രൗണ്‍ പ്രോസിക്യൂട്ടര്‍ അലിസണ്‍ സൗണ്ടേഴ്‌സ് പറഞ്ഞു.

ടെറിക്കെതിരെയുള്ള തെളിവുകള്‍ വിശദമായി പരിശോധിച്ചശേഷമാണ് താന്‍ ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 1ന് പടിഞ്ഞാറന്‍ ലണ്ടനിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്ന് ടെറിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കറുത്ത വര്‍ഗക്കാരനായ ഫെര്‍ണ്ടിനാന്റിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന വാര്‍ത്ത 31കാരനായ ടെറി നിഷേധിച്ചിട്ടുണ്ട്.

Malayalam news

Kerala news in English