ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് വെറും രണ്ട് മാസം മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ ഇക്കാലയളവില്‍ നിന്നു തന്നെ യു.പിയില്‍ നിന്നും വരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ്. രണ്ട് മാസത്തിനിടെ 240 കൊലപാതകങ്ങളും 179 ബലാത്സംഗങ്ങളുമാണ് യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.


Also Read: ട്രോളിയതാണോ അതോ കാര്യായിട്ടാണോ? ; ആടിനെ ‘ദേശീയ സോഹദരിയായി’ പ്രഖ്യാപിക്കണമെന്ന് എ.എ.പി നേതാവ്, കാരണം വിചിത്രം


റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കുറ്റകൃത്യങ്ങളും അനവധിയാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കണക്കുകളില്‍ വലിയതോതിലുള്ള വര്‍ദ്ധനവാണ് ഉണ്ടായത്. മാര്‍ച്ചില്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരിന്റെ അധികാരത്തിനുകീഴില്‍ വര്‍ഗീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും മുതല്‍ ബലാത്സംഗങ്ങള്‍ വരെ വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കുറ്റവാളികളെ പ്രതിരോധിക്കാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും തങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് ആദിത്യനാഥ് സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. എന്നാല്‍ ഇവയൊന്നും നടപ്പിലാകുന്നില്ലെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ കാര്യങ്ങളെക്കുറിച്ച് വളരെ ഗൗരവകരമായ ചിത്രമാണ് നല്‍കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 15നും ഏപ്രില്‍ 15നും ഇടയിലായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലിരട്ടിയായാണ് ബലാത്സംഗങ്ങള്‍ വര്‍ദ്ധിച്ചത്. കൊലപാതകങ്ങള്‍ ഇരട്ടിയായി.

2016 ല്‍ 41 ബലാത്സംഗങ്ങള്‍ നടന്നപ്പോള്‍, ഈ വര്‍ഷം 179 പേരാണ് ബലാത്സംഗങ്ങള്‍ക്കിരകളായത്. മൂന്ന് കവര്‍ച്ചാ ആക്രമണങ്ങള്‍ നടന്നിടത്ത് ഇക്കൊല്ലം 20 എണ്ണമായി. കൊലപാതകങ്ങള്‍ 101 ല്‍ നിന്നും 240 ആയാണ് ഉയര്‍ന്നത്. സ്ഥിതിവിവരക്കണക്കുകള്‍ തുറന്നുകാണിക്കുന്ന അക്രമങ്ങളുടെ ആധിക്യത്തോടൊപ്പം ആളുകള്‍ നിയമം കയ്യിലെക്കുന്ന അവസ്ഥയും ക്രമാതീതമായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Don’t Miss: ട്രെയിനില്‍ മുസ്‌ലിം യുവതിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് യോഗി ആദിത്യനാഥ് പൊലീസിന്റെ വി.ഐ.പി ട്രീറ്റ്: വീഡിയോ പുറത്ത്


കഴിഞ്ഞ രണ്ടു മാസങ്ങളായി ജനങ്ങള്‍ നിരാശയുടെ നിഴലിലാണെന്നും ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും യു.പി കോണ്‍ഗ്രസ് നേതാവ് അശോക് സിംങ് പറയുന്നു.