എഡിറ്റര്‍
എഡിറ്റര്‍
ക്രീമിയയില്‍ ഹിതപരിശോധന ഇന്ന്
എഡിറ്റര്‍
Sunday 16th March 2014 6:20am

crimea

കീവ്: യു.എസിന്റെയും യൂറോപ്യന്‍ യൂനിയന്റെയും കടുത്ത എതിര്‍പ്പ് അവഗണിച്ച് യുക്രെയ്ന്‍ പ്രവിശ്യയായ ക്രീമിയയില്‍ ഞായറാഴ്ച ഹിതപരിശോധന.

യുക്രെയ്ന്‍ വിട്ട് റഷ്യയോട് ചേരാന്‍ ഹിതപരിശോധനയില്‍ തീരുമാനമാകുമെന്ന് ഉറപ്പായതോടെ റഷ്യക്കെതിരെ തിരക്കിട്ട് ഉപരോധം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍.

റഷ്യന്‍ ഫെഡറേഷനില്‍ ചേരണമോയെന്ന കാര്യത്തില്‍ ഹിതപരിശോധന നടക്കാനിരിക്കെ, യുക്രെയ്‌നിലെ തെക്കന്‍ സ്വയം ഭരണ റിപ്പബ്ലിക്കായ ക്രിമിയയില്‍ സംഘര്‍ഷം തുടരുകയാണ്. കിഴക്കന്‍ നഗരമായ കര്‍ക്കീവില്‍ റഷ്യന്‍-യുക്രെയ്ന്‍ അനുകൂലികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ വെടിവെപ്പുമുണ്ടായി.

ഹിതപരിശോധനയെ പിന്തുണയ്ക്കുന്ന റഷ്യ, മേഖലയിലേക്ക് കൂടുതല്‍ സൈനികരെ അയച്ചു. സംഘര്‍ഷാവസ്ഥ പരിഗണിച്ച് മെഡിറ്ററേനിയന്‍ മേഖലയില്‍ പോര്‍വിമാനങ്ങളെ നിലനിര്‍ത്തുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചു.

പ്രതിസന്ധി പരിഹരിക്കുന്നതിന് യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവറോവും തമ്മില്‍ വെള്ളിയാഴ്ച ലണ്ടനില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കും ഒരേ വീക്ഷണമല്ലെന്ന് ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ലാവറോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്രിമിയയിലെ ജനങ്ങളുടെ താത്പര്യം റഷ്യ മാനിക്കുമെന്നും ജനഹിത പരിശോധനയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ക്രിമിയയുടെ ജനഹിത പരിശോധന നിയമവിരുദ്ധമാണെന്നും മേഖലയില്‍ റഷ്യയുടെ താത്പര്യം എല്ലാവര്‍ക്കും മനസ്സിലാകുമെന്നും കെറി തിരിച്ചടിച്ചു. ഹിതപരിശോധന നിയമവിരുദ്ധമാണെന്ന അമേരിക്കയുടെ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് യു.എന്‍. രക്ഷാസമിതിയോഗം ന്യൂയോര്‍ക്കില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രമേയം വീറ്റോ ചെയ്യുമെന്ന് റഷ്യ വ്യക്തമാക്കി.

ക്രിമിയന്‍പ്രദേശം ഏറ്റെടുത്താല്‍ റഷ്യയ്‌ക്കെതിരെ തിങ്കളാഴ്ച മുതല്‍ ഉപരോധം ചുമത്തുമെന്ന് പാശ്ചാത്യരാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ റഷ്യന്‍ പൗരന്‍മാരുടെ വിസ നിരോധിക്കുന്നതും സ്വത്തുക്കള്‍ മരവിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള ഉപരോധങ്ങളാണ് ചുമത്തുക.

ഉപരോധം ചുമത്തേണ്ട 130 മേഖലകളുടെ പട്ടിക യൂറോപ്യന്‍ യൂണിയനും അമേരിക്കയും തയ്യാറാക്കിവരികയാണ്. ഉപരോധമുണ്ടാകുമോ എന്ന ആശങ്കയില്‍ റഷ്യന്‍ ഓഹരി വിപണിയില്‍ ഇടിവ് തുടരുകയാണ്. രണ്ടാഴ്ചയ്ക്കിടെ വിപണി 16 ശതമാനത്തോളമാണ് ഇടിഞ്ഞത്.

Advertisement