എഡിറ്റര്‍
എഡിറ്റര്‍
ക്രിമിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് റഷ്യയിലേക്ക്, ഉപരോധം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍
എഡിറ്റര്‍
Tuesday 18th March 2014 6:55am

criemia

കീവ്: ഉക്രൈനില്‍നിന്ന് വിഘടിച്ച് റഷ്യയുടെ ഭാഗമാകുന്നത്  സംബന്ധിച്ച് രാജ്യത്ത് കഴിഞ്ഞദിവസം നടത്തിയ ഹിതപരിശോധനയുടെ  അനുകൂലനടപടിയെത്തുടര്‍ന്ന് സ്വയംഭരണ റിപ്പബ്ലിക്കായ ക്രിമിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

ഉക്രൈന്‍ ഭരണകൂടത്തിന്റെ കീഴിലായിരുന്ന സ്വത്തുക്കള്‍ ദേശസാത്കരിച്ചതായും  റഷ്യയുടെ റൂബിള്‍ ക്രിമിയയിലെ രണ്ടാമത്തെ കറന്‍സിയായും പ്രഖ്യാപിച്ചു. ക്രിമിയയ്ക്ക് പ്രത്യേക രാജ്യ പദവി നല്‍കാനുള്ള ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ഒപ്പ് വെച്ചു.

സ്വതന്ത്ര സ്‌റ്റേറ്റായി അംഗീകരിക്കാന്‍ ഐക്യരാഷ്ട്രസഭയോടും മറ്റ് ലോകരാജ്യങ്ങളോടും ക്രിമിയന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.  റഷ്യയുടെ ഭാഗമാകണമെന്ന ജനങ്ങളുടെ അതിയായ ആഗ്രഹമാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് ഹിതപരിശോധന കമീഷണര്‍ മിഖായേല്‍ മലീഷേവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ റഷ്യയില്‍ചേരാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ക്രിമിയയിലെ 80 ശതമാനം ജനങ്ങള്‍ ഹിതപരിശോധനയില്‍ പങ്കെടുത്തെന്നാണ് കണക്ക്. ഹിതപരിശോധനയില്‍ 96.7 ശതമാനം പേര്‍ റഷ്യന്‍ റിപ്പബ്ലിക്കില്‍ ചേരുന്നതിനെ അനുകൂലിച്ചതായും ക്രിമിയന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു.

അതേസമയം ഹിതപരിശോധനയില്‍ കൃത്രിമം നടന്നതായി ആരോപണങ്ങളും ഉയര്‍ന്നു. ക്രിമിയയിലെ 12 ശതമാനം വരുന്ന പ്രധാന ന്യൂനപക്ഷമായ തര്‍ത്താര്‍ വിഭാഗം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചെന്ന് പറഞ്ഞ് മുന്നോട്ട് വരികയും ഉക്രൈന്‍ അനുകൂലികളായ 24 ശതമാനം ജനങ്ങളും വോട്ട് ചെയ്തില്ലെന്നും വ്യക്തമാക്കി.

ഹിതപരിശോധന സര്‍ക്കസായിരുന്നെന്നും 21,000 റഷ്യന്‍ സൈനികരുടെ തോക്കിന്‍ മുനമ്പിലാണ് വോട്ടെടുപ്പ് നടന്നതെന്നും പ്രധാനമന്ത്രി വിക്ടര്‍ യാനുകോവിച്ച് പറഞ്ഞു.

ഫലം അംഗീകരിക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ പ്രതികരിച്ചു. ഭരണഘടനാവിരുദ്ധമായ ഹിതപരിശോധനയാണ് ക്രിമിയയില്‍ നടന്നതെന്നും റഷ്യ നടത്തിയ ഇടപെടല്‍ ഉക്രൈനിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും കുറ്റപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമിര്‍ പുടിനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഒബാമ തന്റെ നിലപാട് വ്യകത്മാക്കി.

അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് ക്രിമിയയില്‍ ഹിതപരിശോധന നടത്തിയതെന്നാണ് പുടിന്‍ പ്രതികരിച്ചത്.

അതിനിടെ റഷ്യയില്‍ ചേരാന്‍ ക്രിമിയ തീരുമാനിച്ചതോടെ യൂറോപ്യന്‍ യൂണിയന്‍ റഷ്യക്കെതിരായ ഉപരോധം കൂടുതല്‍ ശക്തമാക്കി. ക്രിമിയയില്‍ നടന്ന ഹിതപരിശോധന അന്താരാഷ്ട്ര ധാരണകള്‍ക്കെതിരാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചത്. ഫലം പുറത്തുവന്നതോടെ റഷ്യയ്ക്കും റഷ്യന്‍ അനുകൂല ഉക്രൈന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement