എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നതായി പോലീസ്
എഡിറ്റര്‍
Wednesday 20th November 2013 10:42am

kerala-police

തിരുവനന്തപുരം: ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2012ലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ഐ.പി.സി ക്രൈം കേസുകളുടെ എണ്ണത്തില്‍ 7.6 ശതമാനം കുറവുള്ളതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

2011ല്‍ ഈ വിഭാഗത്തില്‍ 1,72,137 കേസുകളുണ്ടായപ്പോള്‍ അത് 2012ല്‍ 158989 കേസുകളായി കുറഞ്ഞു.

കൊലപാതക കേസുകള്‍, തട്ടികൊണ്ടുപോകല്‍ കേസുകള്‍, മോഷണ കേസുകള്‍, വിശ്വാസവഞ്ചന കേസുകള്‍, സ്ത്രീധന മരണകേസുകള്‍, പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ എന്നിവ കേരളത്തില്‍ കുറയുന്നത് ക്രമസമാധാനപാലനത്തിന്റെ മികവിനെയാണ് സൂചിപ്പിക്കുന്നതെന്നും പോലീസ് അവകാശപ്പെട്ടു.

അതേസമയം ആയുധ നിയമം, അബ്കാരി നിയമം, അനാശാസ്യം തടയല്‍ നിയമം, റയില്‍വേ നിയമം, സ്ത്രീധന നിരോധന നിയമം അവശ്യസാധന നിയമം തുടങ്ങിയ സ്‌പെഷ്യല്‍ ആന്റ് ലോക്കല്‍ നിയമപ്രകാരമുള്ള കേസുകള്‍ 2012ല്‍ കേരളത്തില്‍ കൂടുതലായി രജിസിറ്റര്‍ ചെയ്തിട്ടുണ്ട്.

2011ല്‍ ഇത്തരത്തിലുള്ള 2,46,633 കേസുകളെടുത്തപ്പോള്‍ 2012ല്‍ 3,52,289 കേസുകളാണ് എടുത്തത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പോലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം വളരെ കൂടുതലാണ്.

കേരളത്തെക്കാള്‍ കൂടുതല്‍ കേസുകള്‍ പോലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു സംസ്ഥാനങ്ങള്‍ മഹാരാഷ്ട്രയും. ഉത്തര്‍പ്രദേശുമാണ്. എന്നാല്‍ ഈ സംസ്ഥാനങ്ങളുടെ വിസ്തൃതിയും ജനസംഖ്യയും കേരളത്തേക്കാള്‍ വളരെ കൂടുതലാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശനവും ശക്തവുമായ നടപടികളാണ് കേരള പോലീസ് സ്വീകരിച്ചുവരുന്നതെന്നും പോലീസ് വ്യക്തമാക്കി.

ബലാല്‍സംഗ കേസുകളുടെ എണ്ണത്തില്‍ 2011നെ അപേക്ഷിച്ച് 2012ല്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. കേരളത്തില്‍ സ്ത്രീകള്‍ക്കിടയിലുള്ള ഉയര്‍ന്ന സാക്ഷരതയും നിയമ അവബോധവും അവരുടെ ഉയര്‍ന്ന പ്രതികരണശേഷിയും പോലീസിന്റെ സുതാര്യമായ ഇടപെടലും അവര്‍ക്കെതിരെയുള്ള ഏത് അതിക്രമവും നിര്‍ഭയം പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാനുള്ള അവസരം സ്ത്രീകള്‍ക്ക് സൃഷ്ടിച്ചുകൊടുത്തിട്ടുണ്ട്.

ഇക്കാരണത്താല്‍തന്നെ ഇത്തരത്തില്‍ കൂടതല്‍ പരാതികള്‍ പോലീസിന് ലഭിക്കുകയും അവയിലെല്ലാം തന്നെ പോലീസ് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള കേസുകള്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.

റോഡപകടങ്ങളില്‍ 2011നേക്കാള്‍ 2012ല്‍ നേരിയ വര്‍ദ്ധനവ് കാണപ്പെടുന്നുണ്ട്. 2012ല്‍ ആകെ സംസ്ഥാനത്തുണ്ടായ റോഡപകടങ്ങളുടെ എണ്ണം 36,174 ആണ്. ഈ അപകടങ്ങളില്‍ 5075 പേര്‍ മരണപ്പെടുകയുമുണ്ടായി.

2011ല്‍ 35,216 റോഡപകടങ്ങള്‍ ഉണ്ടാവുകയും 4,145 പേര്‍ മരണപ്പെടുകയുമുണ്ടായി. കേരളത്തിലെ ഉയര്‍ന്ന വാഹന സാന്ദ്രതയും റോഡുകളുടെ വീതിക്കുറവും റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

എങ്കിലും റോഡപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള തീവ്രമായ നടപടികളാണു കേരള പോലീസ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി വാഹന പിശോധന കര്‍ശനമാക്കുകയും ട്രാഫിക് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തുവരുന്നതിനാല്‍ 2013ല്‍ റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.

കര്‍ശനവും സുതാര്യവും മനുഷ്യാവകാശങ്ങളെ മാനിച്ചുകൊണ്ടുമുള്ള കേരള പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുജനങ്ങളില്‍ നിന്നു ലഭിച്ച ശക്തമായ പിന്തുണയും  സംസ്ഥാനത്തിന്റെ ക്രമസമാധാന നില ഭദ്രമാക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന്  സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Advertisement