കൊച്ചി: മലയാളി യുവതികളെ ഷാര്‍ജയില്‍ പെണ്‍വാണിഭസംഘങ്ങളുടെ കൈകളിലെത്തിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് ഐ.ജി. കേസ് അന്വേഷണത്തില്‍ പോലീസ് വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നതെന്ന് റെയ്ഞ്ച് ഐ.ജി.കെ പത്മകുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ പത്തനംതിട്ട സ്വദേശി ഷീജ അസീസ് സമര്‍പ്പിച്ച ഹരജിയില്‍ വിശദീകരണം നല്‍കുകയായിരുന്നു ഐ.ജി.

കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് നേരത്തെ പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണ മേല്‍നോട്ടം ഡി.ജി.പി നേരിട്ട് വഹിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച്  നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം ഐ.ജി പത്മകുമാര്‍ അന്വേഷണം നടത്തുകയായിരുന്നു.

2007 ആഗസ്ത് 20നാണ് ഷീജയുടെ പരാതിയില്‍ പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 20ദിവസം മാത്രമാണ് അന്വേഷണം നടന്നത്. ആറ് സാക്ഷികളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പരാതിക്കാരിയുടെ മൊഴിയില്‍ ചൂണ്ടിക്കാട്ടിയിരുന്ന വ്യക്തികളെ കണ്ടെത്താനോ, ചോദ്യം ചെയ്യാനോ പോലീസ് ശ്രമിച്ചില്ല. ഷീജയെ സെക്‌സ് റാക്കറ്റുകള്‍ക്ക് നല്‍കാനായി ഗള്‍ഫിലേക്ക് പറഞ്ഞുവിട്ട യുവതിയ്‌ക്കെതിരേയും അന്വേഷണമുണ്ടായില്ല.

2009 ആഗസ്ത് 27ന് കേസ് തെളിയിക്കാനായില്ലെന്ന് കാണിച്ച് പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയ പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ട്. വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയ പോലീസുകാരില്‍ ചിലര്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധെപ്പെട്ട ചുമതലകളും മറ്റമുള്ളതിനാല്‍ അച്ചടക്ക നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമുണ്ട്.