എഡിറ്റര്‍
എഡിറ്റര്‍
സത്‌നാമിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു
എഡിറ്റര്‍
Monday 6th August 2012 12:45pm

തിരുവനന്തപുരം: ബിഹാര്‍ ഗയ സ്വദേശി സത്‌നാം സിങ്മാന്റെ ദുരൂഹമരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. അന്വേഷണവുമായി ബന്ധപ്പെട്ട് ബന്ധുക്കളില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്ത് തുടങ്ങി.

Ads By Google

ശനിയാഴ്ച രാത്രിയാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന സത്‌നാം സിങ്മാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഉന്നതതല അന്വേഷണം വേണമെന്നും മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ജി. സുനില്‍ ആവശ്യപ്പെട്ടിരുന്നു. സത്‌നാമിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. ഇയാളും സെല്ലില്‍ കൂടെയുണ്ടായിരുന്ന രോഗിയും ശനിയാഴ്ച ഉച്ചയോടെ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഇരുവരെയും മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് സത്‌നാമിനെ ബോധരഹിതനായി കണ്ടെത്തിയതെന്നും സൂപ്രണ്ട് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പേരൂര്‍ക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ സത്‌നാമിന്റെ ശരീരത്തില്‍ മുപ്പതോളം പാടുകള്‍ ഉള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു. രക്തം കട്ടപിടിച്ചതിന്റെയും മുറിവേറ്റതിന്റെയും പാടുകള്‍ ഇക്കൂട്ടത്തിലുണ്ട്.

മരണത്തില്‍ അസ്വാഭാവികതയുള്ളതായി സത്‌നാമിന്റെ സഹോദരന്‍ ബിമല്‍ കിഷോറും പറഞ്ഞിരുന്നു. ജയിലില്‍ വെച്ചോ അതിനുശേഷമോ സിങ്മാന്‍ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട്. അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പിടിയിലായ സത്‌നാമിനെ താന്‍ ജയിലില്‍ ചെന്ന് കണ്ടിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് അന്ന് കണ്ടത്. ശരീരത്തില്‍ അന്ന് യാതൊരു പാടുകളും ഉണ്ടായിരുന്നില്ലെന്നും ബിമല്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍  സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

ജൂലൈ എട്ടിനാണ് സത്‌നാം വള്ളിക്കാവ് ആശ്രമത്തില്‍ എത്തിയത്. ആശ്രമത്തില്‍വെച്ച് ബുധനാഴ്ചയാണ് മാതാഅമൃതാനന്ദമയിയെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. അമൃതാനന്ദമയിയുടെ അടുത്തേക്ക് വേദിയില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെ നിന്ന് ബിസ്മില്ലാഹി റഹിമാനി റഹിം എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് ഇയാള്‍ ഓടിയടുക്കുകയായിരുന്നു. പോലീസുകാര്‍ ഇയാളെ കീഴ്‌പ്പെടുത്തി.

വധശ്രമത്തിന് കേസെടുത്തതിനെ തുടര്‍ന്ന് കോടതി ഇയാളെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. മാനസിക വിഭ്രാന്തി കാട്ടിയ ഇയാള്‍ ജില്ലാ ജയിലില്‍ ഒപ്പമുള്ള പ്രതികളെ ആക്രമിക്കാന്‍ തുടങ്ങി. ഇതിനാല്‍ ജയില്‍ അധികൃതര്‍ വ്യാഴാഴ്ച ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും റഫര്‍ ചെയ്യുകയായിരുന്നു.

Advertisement