കൊച്ചി: നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സിനിമാ താരങ്ങളായ ഫഹദ് ഫാസിലിനും അമലാ പോളിനും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. വ്യാജരേഖ ചമച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇരുവരോടും ഹാജരാകാന്‍ ആവശ്യപ്പെടുന്നതാണ് നോട്ടീസ്.

എന്നാല്‍ അമല പോള്‍ തായ്‌ലാന്റിലാണെന്നായിരുന്നു മറുപടി. താരങ്ങളില്‍ നിന്നും വിശദീകരണം ലഭിച്ചതിന് ശേഷമേ കേസെടുക്കുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ആഢംബര കാറിന്റെ രജിസ്റ്റ്രേഷനു വേണ്ടി വ്യാജരേഖ ചമച്ചെന്നാണ് താരങ്ങള്‍ക്കെതിരായ പരാതി. ഇതിനായി പോണ്ടിച്ചേരിയില്‍ വ്യാജ വാടക കരാര്‍, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവ ഉണ്ടാക്കിയെന്ന് നേരത്തെ വ്യക്തമായിരുന്നു.

അമലയ്ക്കും ഫഹദിനും പുറമെ നടനും എം.പിയുമായ സുരേഷ് ഗോപിയ്‌ക്കെതിരേയും പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അദ്ദേഹത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തനിക്ക് പോണ്ടിച്ചേരിയില്‍ ഫ്‌ളാറ്റുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. എന്നാല്‍ പോണ്ടിച്ചേരിയിലെ ഫ്‌ളാറ്റ് ഉപയോഗിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.