തിരുവനന്തപുരം: ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമം റിപ്പോര്‍ട്ടര്‍ വിജു. വി നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി. ഇന്ന് രാവിലെ തിരുവനന്തപുരത്തെ ഹൈടെക് ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.

മുസ്‌ലീം ലീഗിന്റെ നേതാക്കളടക്കം കേരളത്തില്‍ 258 മുസ് ലീംകളുടെ ഇ-മെയില്‍ വിവരങ്ങള്‍ സംസ്ഥാന പോലീസ് ചോര്‍ത്തുന്നുവെന്ന മാധ്യമം ആഴ്ചപ്പതിപ്പിലെ റിപ്പോര്‍ട്ടാണ് വിവാദമായത്. നോട്ടപ്പുള്ളികള്‍ എന്ന തലക്കെട്ടോടെ നല്‍കിയ റിപ്പോര്‍ട്ടില്‍ മെയില്‍ ചോര്‍ത്തപ്പെട്ടവരുടെ പേരും മെയില്‍ ഐ.ഡിയും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ വ്യാജരേഖകള്‍ സൃഷ്ടിക്കുകയാണുണ്ടായതെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. ഇതനുസരിച്ചാണ് രേഖചോര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെയും വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ സെല്‍ എസ്.ഐ ബിജു സലീമിനെയും മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഷാനവാസിനെയും അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ വിജു വി നായരെ തീവ്രവാദ ഗൂഢാലോചനയില്‍ പങ്കാളിയാക്കി ചിത്രീകരിച്ച് നിയമനടപടികളിലേക്ക് വലിച്ചിഴക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞദിവസം നിവേദനം നല്‍കിയിരുന്നു.

വിജു വി. നായര്‍ക്കെതിരായി കേസെടുക്കാനുള്ള തീരുമാനം പൗരാവകാശങ്ങളുടെ മേലുള്ള ഇടപെടലാണെന്നാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയത്. 258 ഓളം പേരുടെ ഇമെയിലുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തയാണ് വിജു വി. നായര്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ 10 ഓളം പേരുകള്‍ ചര്‍ച്ചക്ക് ഉള്‍പ്പെടുത്തേണ്ടതില്ലെന്ന കാരണത്താലും അവരുടെ സ്വകാര്യതയെ മാനിച്ചും ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയതിന് ശേഷമുള്ള ലിസ്‌റ്റെന്ന് ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. ഈ വിവരങ്ങള്‍ ശരിയായിരുന്നുവെന്ന് പിന്നീട് സര്‍ക്കാര്‍ സമ്മതിച്ചു.

ഇത്തരം രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് മാധ്യമസ്വാതന്ത്ര്യം തടയുന്ന തരത്തില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുകയില്ലെന്ന് മുഖ്യമന്ത്രി അന്ന് ഉറപ്പു നല്‍കിയിരുന്നു. ഇമെയില്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന ഏതൊരു അന്വഷണവും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചവര്‍ക്കെതിരായ നിയമനീക്കങ്ങളും പത്രപ്രവര്‍ത്തകനെ ഗൂഢാലോചനയില്‍ പങ്കാളിയാക്കുന്നതുമായ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.