കൊച്ചി: ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന ബാബുരാജ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഹൈക്കോടതി ജഡ്ജിമാരുടെ മൊഴിയെടുത്തു. ജസ്റ്റീസ് സിരിജഗന്‍, പയസ് കുര്യാക്കോസ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

ജഡ്ജിമാരെ ചോദ്യം ചെയ്യുന്നതിനായി ഹൈക്കോടതി രജിസ്ട്രാറോട് അന്വേഷണ സംഘം നേരത്തെ അനുമതി തേടിയിരുന്നു. ഇന്നലെ വൈകിട്ട് കൊച്ചിയിലെത്തിയ ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം ജഡ്ജിമാരുടെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

Subscribe Us:

കഴിഞ്ഞ ജൂലൈ 1നാണ് ആലപ്പുഴ ജില്ലാ ജഡ്ജി പി.കെ ബാബുരാജിനെ സ്വവസതിയില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അവധിക്ക് അപേക്ഷിച്ചിട്ടും നല്‍കാഞ്ഞതും ജോലിയിലെ അനാവശ്യ സമ്മര്‍ദ്ദവും മൂലമാണ് ബാബുരാജ് ആത്മഹത്യ ചെയ്തതെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്.