കോഴിക്കോട്: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട് ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിപ്പാടിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിയുടെ ആവശ്യപ്രകാരം താന്‍ മാറാടെത്തി സഹായവാഗ്ദാനം ചെയ്തതായി കൈതപ്രം അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ മാത്രമാണ് താന്‍ ഈ ദൗത്യം ഏറ്റെടുത്തതെന്നും കൈതപ്രം വ്യക്തമാക്കി.

ഒന്നരവര്‍ഷം മുമ്പ് തോമസ് പി. ജോസഫ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് മാറാട് കലാപത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. മാറാട് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന, തീവ്രവാദബന്ധം എന്നിവയാണ് അന്വേഷിക്കുന്നത്. ഇതിനായി ക്രൈംബ്രാഞ്ച് സംഘം മാറാടെത്തി നാട്ടുകാരും സാക്ഷികളുമുള്‍പ്പെടെ 200 ഓളം പേരുടെ മൊഴിയെടുത്തിരുന്നു. ഇതിനിടയില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് കൈതപ്രത്തിന്റെ സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരം കൈമാറിയത്. ഇതനുസരിച്ചാണ് അന്വേഷണ സംഘം കൈതപ്രത്തെ ചോദ്യം ചെയ്തത്.

കലാപം നടന്നതിന്റെ അടുത്തനാള്‍ ഇരകള്‍ക്ക് ദുരിതാശ്വാസം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഗള്‍ഫാര്‍ മുഹമ്മദി പത്രസമ്മേളനം നടത്തിയിരുന്നു. ഇതുകണ്ടതാന്‍ അദ്ദേഹത്തെ വിളിക്കുകയും ദൂതനായി പോകാന്‍ താല്‍പര്യമുണ്ടെന്നറിയിക്കുകയുമായിരുന്നെന്ന് കൈതപ്രം പറഞ്ഞു. ഇതനുസരിച്ച് മാറാടെത്തിയ താന്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് ഉറപ്പുനല്‍കിയതായും കൈതപ്രം അറിയിച്ചു. എന്നാല്‍ ഇതില്‍ യാതൊരു ദുരുദ്ദേശവുമുണ്ടായിരുന്നില്ല. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് താനീ പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, കലാപത്തിനുശേഷം മുഖ്യമന്ത്രിക്കും പോലും സന്ദര്‍ശനം അനുവദിക്കാതിരുന്ന മാറാട് കൈതപ്രം എങ്ങിനെ എത്തിച്ചേര്‍ന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ അസ്വാഭാവികമുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

അതിനിടെ, ക്രൈംബ്രാഞ്ച് തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Malayalam news

Kerala news in English