തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിവാദം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രത്യോക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹൈടെക്ക് സെല്‍ ഡി.വൈ.എസ്.പി ബിജു മോന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഐ.ജി ദിനേന്ദ്ര കശ്യപിന്റെ മേല്‍നോട്ടത്തിലാകും അന്വേഷണം. മംഗളം ചാനല്‍ പുറത്തുവിട്ട വിവാദ ഫേണ്‍കോളിനെക്കുറിച്ച് മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്ക് വനിതാ മാധ്യമപ്രവര്‍ത്തകരാണ് പരാതി നല്‍കിയിരുന്നത്. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.ജി.പിയ്ക്കും പരാതി നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് സമാന്തരമായി പൊലീസ് അന്വേഷണവും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സംഭവത്തില്‍ ഏതുവിധത്തിലുള്ള അന്വേഷണത്തോടും സഹകരിക്കുമെന്ന് ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പൊലീസ് അന്വേഷിക്കുക.