തിരുവനന്തപുരം: നാലു ദിവസത്തിനകം പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. മാറാട് കലാപം അന്വേഷിക്കുന്ന ക്രൈംബാഞ്ച് എസ്.പി. പ്രദീപ് കുമാറാണ് നോട്ടീസയച്ചത്.

മാറാട് കലാപത്തിന് ശേഷമുള്ള ശ്രീധരന്‍ പിള്ളയുടെ വിദേശയാത്രയെക്കുറിച്ച് അന്വേഷിക്കാനാണ് പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. അതേസമയം, പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ ഒരുമാസത്തെ സമയംവേണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിട്ടുണ്ട്.

മാറാട് കലാപത്തിന്റെ സമയത്ത് കലാപവുമായ് ബനധപ്പെട്ട് സാദിഖലി ശിഹാബ് തങ്ങളുമായി ശ്രീധരന്‍പിള്ള രഹസ്യ ചര്‍ച്ച നടത്തിയെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കലാപത്തെകുറിച്ചുള്ള സി.ബി.ഐ അന്വേഷണം അട്ടിമറിക്കപ്പെട്ടതിന് പി്ന്നിലും ശ്രീധരന്‍ പിള്ളക്ക് പങ്കുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

മാറാട് കലാപത്തിന് ശേഷം തൊട്ടടുത്ത മാസം ശ്രീധരന്‍പിള്ള ദുബൈയ് സന്ദര്‍ശിച്ചിരുന്നു. ലീഗ് നേതാവിന്റെ ആതിഥ്യം സ്വീകരിച്ചാണ് പിള്ള ദുബൈയ് സന്ദര്‍ശനം നടത്തിയതെന്ന ആരോപണവുമായി ബി.ജെ.പിയിലെ തന്നെ ഒരു വിഭാഗം ആളുകള്‍ രംഗത്ത വന്നിരുന്നു.