new-zealandജൊഹനാസ്ബര്‍ഗ്: ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ന്യൂസീലന്‍ഡിന് 38 റണ്‍സ് ജയം. ഇരുവര്‍ക്കും ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ 46.4 ഓവറില്‍ 277 റണ്‍സിന് ലങ്ക തകര്‍ന്ന് വീണു.

ജെസി റൈഡറുടേയും മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റേയും അര്‍ധസെഞ്ചുറികളുടെ ബലത്തിലാണ് ന്യൂസീലന്‍ഡ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഡാനിയല്‍ വെറ്റോറി 48 റണ്‍സും മക്കല്ലം 46 റണ്‍സും നേടി. ശ്രീലങ്കക്കു വേണ്ടി സനത് ജയസൂര്യ പത്തോവറില്‍ 39 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു.

മറുപടി ബാറ്റിങ് തുടങ്ങിയ ശ്രീലങ്കക്കു വേണ്ടി ദില്‍ഷനും(41) ജയസൂര്യയയും(24) ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും തുടര്‍ച്ചയായി നാല് വിക്കറ്റുകള്‍ നഷ്ടമായതോടെ ലങ്ക പതറി. ലങ്കന്‍ മധ്യ നിരക്ക് പ്രതിരോധമുയര്‍ത്താനായില്ല. കുമാര്‍ സംഗക്കാര(11), സമരവീര(17),കണ്ടാംബി(11), ആഞ്ചലോ മാത്യൂസ്(2) എന്നിവര്‍ നിരനിരയായി മടങ്ങിയപ്പോള്‍ ലങ്കന്‍ പ്രതീക്ഷകള്‍ മങ്ങി. അവസാന ഓവറുകളില്‍ നുവാന്‍ കുലശേഖര (56)നടത്തിയ ചെറുത്തു നില്‍പ്പാണ് ശ്രീലങ്കക്ക് അല്‍പമെങ്കിലും ആശ്വാസമായത്.