Categories

കളിദൈവങ്ങളും മനുഷ്യരും

എഡിറ്റോ- റിയല്‍ / ബാബുഭരദ്വാജ്

ക്രിക്കറ്റ് ലോകകപ്പിലെ ഈ ചരിത്ര വിജയത്തിന് ഞങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പവും ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കൊപ്പവും ഈ ആഹ്ലാദത്തില്‍ ഞങ്ങളും പങ്കു ചേരുന്നു. എന്നാല്‍ അതിനപ്പുറം ഇത് 121 കോടി ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരമാണെന്നും, മത്സരിച്ച ക്രിക്കറ്റ് ടീം ഭൂമിയിലെ രാജാക്കന്‍മാരാണെന്നും മട്ടിലുള്ള പ്രചാരണങ്ങളോടും ദൃശ്യ അച്ചടി മാധ്യമങ്ങളുടെ ആഘോഷ കോലാഹലങ്ങളോടും ഞങ്ങള്‍ വിയോജിക്കുന്നു.

ഒരു രാജ്യത്തിന്റെ പേരില്‍ ഒരു ടീം കളി വിജയിക്കുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷെ അതാണ് 121 കോടി ജനതയുടെ സ്വപ്‌നമെന്ന് പറയുന്നത് വിവരക്കേടും ജനങ്ങളെ അവഹേളിക്കലുമാണ്. ഇവര്‍ ആണയിടുന്ന ഈ 121 കോടിയില്‍ ഈ വിജയം അറിയാത്തവരുണ്ടെന്ന് ഒരു കണക്കെടുക്കെടുത്താല്‍ വിജയം ആഘോഷിക്കുന്നവര്‍ നാണിച്ച് തലതാഴ്ത്തിപ്പോകും. ഒരു മത്സര വിജയമാണ് ഒരു ജനതയുടെ സ്വപ്‌നമെന്ന് പറയുന്നത് മിതമായ ഭാഷയില്‍ അല്‍പത്വവും അഹങ്കാരവും അജ്ഞതയുമാണ്. അങ്ങിനെയാണെങ്കില്‍ ഈ സ്വപ്‌ന സാക്ഷാത്കാരത്തോടെ ഇന്ത്യന്‍ ജനത മോക്ഷം നേടുമായിരുന്നു.

ഇതൊരു കച്ചവട വിജയത്തിനപ്പുറം മറ്റൊന്നുമല്ല. ഈ മത്സര വിജയം ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനത്തെ ഉയര്‍ത്തുകയുമില്ല. ഇന്ത്യന്‍ ജനതയുടെ സമഗ്രവും സന്തുലിതവുമായ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക വികാസത്തിലൂടെ സാധ്യമായേക്കാവുന്ന ഒരു സായൂജ്യത്തെ ഒരു കളിയുടെ ആവേശത്തിമര്‍പ്പിലൊതുക്കുന്നത് അതിന്റെ കച്ചവട താല്‍പര്യത്തിന്റെ വിജയമായാണ് ഞങ്ങള്‍ കാണുന്നത്.

ലോകത്തിലെ ഏറ്റവും സമ്പന്നരായ കളി രാജാക്കന്‍മാരാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നവരും കളിക്കാരും കളിക്കാരെ ചുറ്റിപ്പറ്റി കച്ചവട സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയവരും. അവരൊരിക്കലും ഇന്ത്യന്‍ സാമൂഹികാവസ്ഥയുടെയും ഇന്ത്യയുടെ സാംസ്‌കാരിക വ്യവസ്ഥകളുടെയും പ്രതിനിധികളായിരുന്നില്ല, ഇനി ആവുകയുമില്ല. അവരെപ്പോഴും ചില കച്ചവട കുത്തകകളുടെയും അവയുടെ ദുരൂഹവും ജനദ്രോഹപരവുമായ താല്‍പര്യങ്ങളുടെയും സംരക്ഷകരും വാക്താക്കളും ദല്ലാളുകളുമായിരുന്നു.

മാധ്യമങ്ങളെല്ലാം വാഴ്ത്തിപ്പാടുന്ന ഈ ‘മഹാന്‍മാരായ’ കളിക്കാര്‍ കൊക്കക്കോളയുടെയും പെപ്‌സിക്കോളയുടെയും അതുപോലെയുള്ള നിരവധി കോളകളുടെയും ബ്രാന്റ് അംബാസിഡര്‍മാരാണെന്ന കാര്യം നമ്മളെല്ലാം മറന്നു പോവുന്നു. കോളകള്‍ക്കും അതു പോലെയുള്ള ജനനശീകരണ വസ്തുക്കള്‍ക്കുമെതിരെ സമരം ചെയ്യുന്നവര്‍ കൂടി ഈ മതിഭ്രമത്തില്‍, ആഹ്ലാദാവേശത്തില്‍ ഇക്കാര്യങ്ങള്‍ ഒരുനിമിഷം മറന്നുപോവുന്നു. ഈ കളിക്കാര്‍ അനുനിമിഷം ഏര്‍പ്പെട്ടിരിക്കുന്ന ജനവഞ്ചനാപരമായ പരസ്യപ്രചരണങ്ങള്‍ മറന്നു പോവുന്നു. അങ്ങിനെ ഇതൊക്കെ മറക്കാനാണ് കച്ചവടക്കുത്തകകള്‍ ഇത്തരം മത്സരക്കളികള്‍ ഉണ്ടാക്കുന്നതും അതിന്റെ നടത്തിപ്പുകാരാവുന്നതും.

മാനസികോല്ലാസത്തിനും കായികമായ കരുത്തിനും സംഘബോധത്തിനും കളികള്‍ നല്ലത് തന്നെയാണ്. പക്ഷെ അതൊരു ജീവിത വേദാന്തമാവുന്നതും അതൊരു കച്ചവടച്ചരക്കാവുന്നതും ബാക്കിയുള്ള കച്ചവടച്ചരക്കുകളെല്ലാം തന്ത്രപൂര്‍വ്വം വിറ്റഴിക്കാന്‍ കളിയെന്ന കച്ചവടത്തെ ഉപയോഗപ്പെടുത്തുന്നതും അപകടം തന്നെയാണ്. കളിക്കപ്പുറം അതിനെ മറ്റൊരു മാനത്തിലേക്ക് ഉയര്‍ത്തുന്നത് ക്രൂരമായ കുറ്റമാണ്.

ഞങ്ങളും കളികാണുന്നവരാണ്. കളി ആസ്വദിക്കുന്നവരാണ്. കളിയെഴുതുന്നവരും വായിക്കുന്നവരുമാണ്. കളിയിലൂടെയുണ്ടാവുന്ന ഐക്യബോധത്തെയും രാജ്യങ്ങള്‍ തമ്മില്‍ ഉടലെടുക്കുന്ന സൗഹൃദത്തെയും മനസ്സിലാക്കുന്നവരാണ്. എന്നാല്‍ അതാണ് 121 കോടി ജനതയുടെ സായൂജ്യം എന്ന് കരുതുന്നവരല്ല ഞങ്ങള്‍.

റോമാസാമ്രാജ്യം തകര്‍ന്ന് തരിപ്പണമായത് കളിക്ക് ആ സാമ്രാജ്യം നല്‍കിയ ചരിത്ര സത്യം ഓര്‍ക്കുന്നത് നല്ലതാണ്. മറ്റെല്ലാ സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങളെയും പിന്തള്ളുകയും അപഹസിക്കുകയും അവഗണിക്കുകയും ചെയ്യുന്ന ഒരു ജനസമൂഹം ഒടുവില്‍ എത്തിച്ചേരുന്ന ഇടം ഒരു നരക ലോകമാണെന്ന് ഓര്‍ക്കാന്‍ കാലമായിയെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു.

കലാകായിക താരങ്ങള്‍ക്ക് അര്‍ഹമായ ഒരിടം ഇതുവരെ പതിച്ച് കിട്ടാത്ത ഒരു രാജ്യത്താണ് ക്രിക്കറ്റിലെ രാജാക്കന്‍മാര്‍ക്ക് കിരീട ധാരണം നടത്തുന്നത്. എല്ലാ കളികളുടെയും വംശനാശത്തിലൂടെ ഒരു കളിയെ മാത്രം അതും പരസ്യപ്രചാരണത്തിന് ഏറെ അവസരം കിട്ടുന്ന ഒരു കളി മാത്രം നിലനിര്‍ത്തുകയെന്നതും ഒരു കച്ചവട താല്‍പര്യം മാത്രമാണ്. അത് അധിനിവേശത്തിന്റെ അജണ്ടയുമാണ്.

ഒരു രാജ്യത്തിന് മറ്റൊരു നേട്ടങ്ങളുടെയും പേരില്‍ അഭിമാനിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥയിലാണ് കളികളുടെ പട്ടാഭിഷേകങ്ങള്‍ നടക്കുന്നത്. കാര്യത്തോടൊപ്പം കളി നടക്കുന്നത് നല്ലതാണ്. കളി കഴിഞ്ഞു മാത്രം കാര്യമാവുന്നത് നാശവുമാണ്.

3 Responses to “കളിദൈവങ്ങളും മനുഷ്യരും”

 1. Vijesh

  ഞാന്‍ എതിര്‍ക്കുന്നു. നമ്മുടെ നാട്ടില്‍ എല്ലാ കളികളേയും പ്രോത്സഹിപ്പിക്കുന്നവരുന്ടു . പക്ഷെ കളി ജയിക്കണം എന്ന് മാത്രം. ഓര്‍ക്കുക സാനിയയും സൈനയെയും വിജെന്ടെര്നെയും ഒക്കെ.
  പ്രോത്സഹിപ്പിക്കാത്തത് തോല്‍ക്കുന്ന കളിക്കാരെ / കളികളെ മാത്രമാണ്.
  ജയിച്ചു കാണിക്കു അല്ലാതെ പരാതി പറഞ്ഞിട്ട് കാര്യമില്ല .
  ഒരു കളിയെ ഇഷ്ടപെടാണോ വേണ്ടയോ എന്നത് പ്രേക്ഷകരുടെയും promote ചെയ്യുന്നവരുടെയും ഇഷ്ടമാണ്.
  എന്ന് സ്വന്തം
  വിജേഷ് വി . നായര്‍

 2. abdul nazar

  ellavarill ninnum vyathyasthanakaan palarum ingane paladume ezhutharund….pamabar viddikal…..1000 vattam ethirkkunnu….

 3. sanoop payyoli

  ഡിയര്‍ .ബാബു രാജ്..മറ്റു മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും വ്യെതിസ്തനകാനുള്ള താങ്കളുടെ ശ്രമത്തെ അംഗീകരിക്കുന്നു……അതിനു വേണ്ടി….എന്തും എഴതി പടച്ചു വിടാം എന്നുള്ളത് ഒരു നല്ല ഭൂഷണമല്ല….. താങ്ങള്‍ പറയുന്നതു കേട്ടാല്‍ തോന്നും ലോകകപ്പില്‍ പരാജയപെട്ടിരുന്നെങ്കില്‍ പറയുന്ന.. ആത്മ്മഭിമാനം…ഉണ്ടാകുമാകുമയിരുന്നു എന്ന്…പ്രിയ സുഹുരുതെയ്..ഇവിടെ ആരും ഒരു വിജയം കൊണ്ടു രാജ്യം സമ്പല്‍ സമിര്ധമായി എന്ന് പറയുന്നില്ല..ആ വിജയത്തിന് പിന്നിലെ..കഠിനാധ്വ്യനത്തെ അഭിനന്ദിക്കുന്നു..അത്ര മാത്രാ …മാധ്യമങ്ങള്‍ ജങ്ങള ആവശ്യപെടുന്നത് ചെയ്യുന്നു എന്ന് മാത്രം…അതിനു അവരുടെ മേലെ കുതിരകയരണ്ട….തങ്ങളുടെ…journalisathe ഞാന്‍ വിഷ് ചെയ്യുന്നു…താങ്ങളില്‍ നിന്ന്..പോസിറ്റീവ് ആര്ടിക്ലെസ് പ്രതീഷിക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.