എഡിറ്റര്‍
എഡിറ്റര്‍
ക്രീമിയയില്‍ നിന്ന് യുക്രെയ്ന്‍ സൈന്യത്തെ പിന്‍വലിച്ചു
എഡിറ്റര്‍
Tuesday 25th March 2014 6:45am

russian-force

കീവ്: റഷ്യയുടെ ഭാഗമായി മാറിയ ക്രീമിയയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കാന്‍ യുക്രെയ്‌നിന്റെ ഇടക്കാല പ്രസിഡന്റ് അലക്‌സാണ്ടര്‍ തുര്‍ച്ചിനോവ് ഉത്തരവിട്ടു.

യുക്രെയ്ന്‍ സൈനികരുടെയും കുടുംബത്തിന്റെയും ജീവന് റഷ്യന്‍ സൈന്യത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഈ തീരുമാനം.

പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ദേശീയ സുരക്ഷാ വിഭാഗവും പ്രതിരോധ കൗണ്‍സിലും ചേര്‍ന്നുള്ള കൂടിയാലോചനയിലാണ് ക്രീമിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് തുര്‍ച്ചിനോവ് പറഞ്ഞു.

ഫിയോദോസിയയിലെ നാവികത്താവളമടക്കം മേഖലയിലുള്ള യുക്രെയ്‌നിന്റെ സൈനിക കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യന്‍ സേന പിടിച്ചെടുത്തിരുന്നു. ക്രീമിയയില്‍ ഈ മാസം ആദ്യം നടന്ന ഹിതപരിശോധന റഷ്യക്ക് അനുകൂലമായതിനു പിന്നാലെയാണ് മേഖലയിലേക്ക് റഷ്യന്‍ സേന കടന്നുകയറ്റം ആരംഭിച്ചത്. ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് പാശ്ചാത്യരാജ്യങ്ങള്‍ ആരോപണമുന്നയിച്ചിരുന്നു.

യുക്രെയ്ന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് ഫിയോദോസിയയിലെ യുക്രെയ്ന്‍ സൈനികത്താവളം റഷ്യന്‍ സേന പിടിച്ചെടുത്തത്. കഴിഞ്ഞ 48 മണിക്കൂറിനിടെ മേഖലയില്‍ റഷ്യ നിയന്ത്രണം സ്ഥാപിച്ച മൂന്നാമത്ത സൈനികത്താവളമായിരുന്നു ഇത്.

കവചിത വാഹനങ്ങളും ഗ്രനേഡുകളുമായി താവളത്തിനുള്ളിലേക്ക് ഇരച്ചത്തെിയ റഷ്യന്‍ സൈനികര്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മേഖലയില്‍ നിയന്ത്രണം സ്ഥാപിച്ചതെന്ന് യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണത്തിന് റഷ്യന്‍ സേന ഹെലികോപ്ടര്‍ ഉപയോഗിച്ചതായി യുക്രെയ്ന്‍ ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു.

സൈനികത്താവളത്തിനുള്ളിലുണ്ടായിരുന്നവരെ കൈകള്‍ ബന്ധിച്ചാണ് റഷ്യന്‍ സൈനികര്‍ കൊണ്ടുപോയതെന്നും ബാരക്കിന്റെ പലഭാഗത്തു നിന്നും പുക ഉയരുന്നത് കാണാമായിരുന്നുവെന്നും വക്താവ് പറഞ്ഞു.

റഷ്യന്‍ അധിനിവേശത്തില്‍ യുക്രെയ്‌നിന്റെ ചെറുത്തുനില്‍പിന്റെ അവസാന അടയാളമായാണ് ക്രീമിയയിലെ ഈ സൈനികത്താവളം വിശേഷിപ്പിക്കപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച മറ്റു രണ്ട് സൈനികത്താവളങ്ങള്‍ റഷ്യ പിടിച്ചെടുത്തിരുന്നു.

ക്രിമിയയില്‍ 189 സൈനികയൂണിറ്റുകളാണ് യുക്രെയ്‌ന് ഉണ്ടായിരുന്നത്. ഇവയെല്ലാം ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്.

Advertisement