സി ആര്‍ നീലകണ്ഠന്‍ പാലേരിയില്‍ പ്രസംഗിക്കാനിരുന്നത്പാലേരിയിലെ പ്രതിചിന്ത എന്ന സാംസ്‌കാരിക സംഘടന ‘മാവോയിസ്റ്റുകള്‍ ഉണ്ടാവുന്നത് എങ്ങിനെ’ എന്നവിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കാനെത്തിയതായിരുന്നു സി ആര്‍ നീലകണ്ഠന്‍ .

‘പാലേരിയിലെ സഖാക്കളേ സുഹൃത്തുക്കളേ….’ സി ആര്‍ നീലകണ്ഠന്‍ പ്രസംഗം തുടങ്ങിയത് ഇങ്ങിനെയായിരുന്നു. പെട്ടെന്ന് ഒരു സംഘം ആളുകള്‍ വേദിയിലേക്ക് ഇരച്ച് കയറുന്നു. സി ആര്‍ നീലകണ്ഠനെ കസേരകൊണ്ടും സ്റ്റേജിലെ മൈക്ക്സ്റ്റാന്റ് കൊണ്ടും ആക്രമിക്കുന്നു. പാലേരിയില്‍ സി പി എമ്മിനെതിരെ പ്രസംഗിക്കാന്‍ വരാന്‍ നീ ആരാടാ… കിനാലൂരെന്തിനാടാ പോയത്… തുടങ്ങിയ ആക്രോശത്തോടെയായിരുന്നു ആക്രമണം.

നീലകണ്ഠനെ അടിച്ച് വീഴ്ത്തിയ അക്രമി സംഘം മുദ്രാവാക്യം മുഴക്കി പാലേരിയില്‍ പ്രകടനം നടത്തുന്നു. സി ആര്‍ നീലകണ്ഠനെ സഹപ്രവര്‍ത്തകരും സംഘാടകരും ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നു. അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ 12ാം വാര്‍ഡില്‍ നിന്നും താന്‍ പാലേരിയില്‍ നടത്താനുദ്ദേശിച്ച പ്രസംഗം എന്തായിരുന്നുവെന്ന് സി ആര്‍ നീലകണ്ഠന്‍ കേരള ഫ്‌ളാഷ് ന്യൂസിനോട് പങ്കുവെച്ചു.

പാലേരിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ സി പി ഐ ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ എം പിയുമായ സി കെ ചന്ദ്രപ്പന്‍ പ്രസംഗിച്ചിരുന്നു. പാര്‍ലിമെന്റ് പന്നിക്കൂടാണെന്നും അവിടെ മുഴുവന്‍ സമ്പന്നന്‍മാരും ക്രിമിനലുകളുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ശരിക്കും അത്‌കൊണ്ടാണ് മാവോയിസ്റ്റുകളുണ്ടാവുന്നതെന്ന് മാത്രമേ ഞാന്‍ പറയേണ്ടതുണ്ടായിരുന്നുള്ളൂ.

സോണിയാഗാന്ധിയുടെ പ്രസംഗമാണ് ഞാന്‍ ആദ്യം ഉദ്ധരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. മാവോയിസ്റ്റുകള്‍ എങ്ങിനെയുണ്ടായി എന്ന് അന്വേഷിക്കേണ്ടത് ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഇന്നത്തെ അവസ്ഥ വെച്ചകൊണ്ടാണ്. അറുപത് വര്‍ഷം ഈ പറയുന്ന ജനവിഭാഗങ്ങള്‍ക്ക് എന്ത് വികസനമാണ് ഉണ്ടായത് എന്നാണ് ഉന്നയിക്കപ്പെടുന്ന പ്രശ്‌നം. പിന്നെ ഔട്ട്‌ലുക്ക് മാസികയില്‍ അരുന്ധതി റോയി എഴുതിയ ലേഖനവും പറയാന്‍ ഉദ്ദേശിച്ചു. എന്റെ തന്നെ ഈ മേഖലയിലൂടെയുള്ള യാത്രയിലെ അനുഭവവും.

ഇന്ത്യയില്‍ ഏറ്റവുമധികം പട്ടിണിയും പട്ടിണി മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മധ്യ ഇന്ത്യയിലാണ്. ഘോരപ്പൂട്ട് എന്ന ജില്ലയാണ് ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍. ഘോരോപ്പൂട്ടില്‍ ഓരോരുത്തര്‍ക്കും ഓരോ കോണകം വിതരണം ചെയ്യാന്‍ തീരുമാനിച്ച കാര്യം വി കെ എന്‍ തന്റെ പഴയ കഥയില്‍ പറയുന്നുണ്ട്. ഒറീസ, ആന്ധ്രപ്രദേശിന്റെ ഒരു ഭാഗം, ഛത്തീസ്ഗഢ്, ജാര്‍ഘണ്ഡ്-ഈ പ്രദേശത്തെയാണ് ഗോണ്ട്വാന ലാന്റ് എന്നറിയപ്പെടുന്നത്. ഇരുമ്പയിര്‍, കല്‍ക്കരി, മാഗ്നീഷ്യം; എല്ലാം കൊണ്ടും ധാതു സമ്പുഷ്ഠമായ പ്രദേശവുമാണിത്. അതായത്, വികസനം എന്ന് നമ്മള്‍ പറയുന്ന കാര്യങ്ങള്‍ക്ക് അവശ്യം വേണ്ട വസ്തുക്കള്‍ എല്ലാം ഇവിടെ സമൃദ്ധമാണ്.

എന്നാല്‍ ഇതേ സ്ഥലത്ത് തന്നെയാണ് ഏറ്റവും കൂടുതല്‍ ദരിദ്രരും താമസിക്കുന്നത്. അവിടെ പട്ടിണിയുണ്ട്. പട്ടിണി മരണമുണ്ട്. മാങ്ങയണ്ടി മാത്രം തിന്ന് ജീവിക്കുന്നവരുണ്ട്. അറുപത് വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനങ്ങളാണ് ഇവരെ ഇന്നും ഇത്തരത്തില്‍ നിലനിര്‍ത്തിയത്. അപ്പോള്‍ അവര്‍ക്ക് തീര്‍ച്ചയായും ജനാധിപത്യത്തില്‍ വിശ്വസിക്കേണ്ട കാര്യമില്ലെന്നായി.

ജനാധിപത്യം എന്നത് അവര്‍ക്ക് സന്തോഷിക്കാനുള്ള ഒരു ഉപാധിയും കൊടുത്തിട്ടില്ല. മാറിമാറി ഭരിച്ച ബി ജെ പിയും കോണ്‍ഗ്രസും സി പി ഐ എമ്മും അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. അവര്‍ എല്ലാ ഭരണവും കണ്ട് കഴിഞ്ഞിരിക്കുന്നു. ഛത്തീസ്ഗഢില്‍ ബി ജെ പിയുടെ അനുഭവവും ഒറീസയില്‍ നവീന്‍ പട്‌നായിക്കിന്റെ അനുഭവവും ബംഗാളില്‍ സി പി ഐ എമ്മിന്റെ അനുഭവവും എല്ലാം അവര്‍ക്ക് മുന്നിലുണ്ട്. ഈ കക്ഷികള്‍ മുന്നോട്ട് വെച്ച ജനാധിപത്യ ഭരണകൂടങ്ങളില്‍ അവര്‍ക്ക് വിശ്വാസമില്ലാതായത് അങ്ങിനെയാണ്.

അവര്‍ ജനാധിപത്യ വിരുദ്ധരായതില്‍ കുറ്റപ്പെടുത്താനുമാവില്ല, അവരാണ് മാവോയിസ്റ്റുകളായി മാറിയത്. മാവോയിസമെന്നാല്‍ കൊലപാതകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരാള്‍ക്ക് മാവോയിസ്റ്റാകാനും ഗാന്ധിയിസ്റ്റാകാനും സോഷ്യലിസ്റ്റാവാനും ലോഹ്യയിസ്റ്റുമാവാനും എല്ലാം അവകാശമുണ്ട്. ക്രിമിനല്‍ കുറ്റം, അത് ആരു ചെയ്താലും ക്രിമിനല്‍ കുറ്റം തന്നെയാണ്. അത് ഗ്രാമീണരായ ആദിവാസികളോട് പോലീസോ സുരക്ഷാ സേനയോ ചെയ്താലും മാവോയിസ്റ്റുകള്‍ ചെയ്താലും എല്ലാം ഒരുപോലെ തന്നെ.

സുരക്ഷാ സേനക്ക് കാടിനകത്ത് വഴികാട്ടിക്കൊടുക്കുന്ന എസ് പി ഒമാര്‍ എങ്ങിനെയുണ്ടായി?. ഈ എസ് പി ഒമാരും ആ മേഖലയിലെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ തന്നെയാണ്. അവര്‍ക്ക് പോലീസിനെയും പേടിക്കണം പോലീസിന് വഴികാട്ടിയെന്ന പേരില്‍ മാവോയിസ്റ്റുകളെയും പേടിക്കണം. ഇവിടെ ബിനായക് സെന്‍ ഒക്കെ പറയുന്ന കാര്യമുണ്ട്. ഞങ്ങള്‍ ആരുടെ കൂടെ നില്‍ക്കും. ഇതും ഈ മേഖല ഇന്ന് അനുഭവിച്ചകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ്.

അപ്പോള്‍ ഇതൊക്കെയാണ് മാവോയിസ്റ്റുകള്‍ ഉണ്ടാകുന്ന കാരണമായി വരുന്നത്. അല്ലാതെ പുറത്ത് നിന്ന് ആരെങ്കിലും കുറെ ആയുധങ്ങള്‍ കൊടുത്തിട്ടോ അല്ലെങ്കില്‍ കുറെയാളുകള്‍ കുബുദ്ധികളായത്‌കൊണ്ടോ ഉണ്ടായതല്ല. അവരുടെ കഴിഞ്ഞ 60 വര്‍ഷക്കാലത്തെ അനുഭവങ്ങളാണ് അവരെ കൊണ്ട് ആയുധമെടുപ്പിക്കുന്നത്. അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. അവരുടെ പട്ടിണിയുടെ കാരണങ്ങളായി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥരുടെ അഴിമതിയും കാണാതിരുന്നുകൂട. ഈ അനുഭവങ്ങളില്‍ നിന്നെല്ലാമാണ് അവര്‍ക്ക് ജനാധിപത്യ സംവിധാനത്തോട് തന്നെ വിശ്വാസമില്ലാതായത്.

ഇനി മാവോയിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ ഇതൊക്കെ മാറുമോ എന്ന് ചോദിച്ചാല്‍ അതിനും സാധ്യത കുറവാണ്. ഇവരുടെ ജീവിതങ്ങള്‍ മെച്ചപ്പെടുത്തണമെന്ന വിചാരം അവര്‍ക്കന്ന് ഉണ്ടായിക്കൊള്ളണമെന്നില്ല. അവര്‍ക്ക് അവരുടെ രാഷ്ട്രീയ ആധിപത്യം നിലനിര്‍ത്തുക എന്നതില്‍ മാത്രമായിരിക്കാം ശ്രദ്ധ. ഇവിടെ ഭരണകൂടത്തിന്റെ അധികാരങ്ങള്‍ മാറുന്നു എന്നല്ലാതെ മറ്റു മാറ്റങ്ങളൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. അതും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്.

ഇപ്പോള്‍ കേരളം പോലെ ഒരു പ്രദേശത്ത് ഇതെന്തുകൊണ്ട് ഉണ്ടാവുന്നില്ല?. കാരണം കുറെക്കൂടെ ജനാധിപത്യവത്കരിക്കപ്പെട്ട സമൂഹവും സാമൂഹിക സംവിധാനത്തിലെ വിതരണ നീതിയും ഇന്ന് കേരളത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് കേരളത്തില്‍ താരതമ്യേന കൂടുതലാണെന്ന് പറയാം. ഇവിടെയും പ്രശ്‌നങ്ങളില്ലെന്നല്ല.

ചെങ്ങറയിലും മൂലമ്പള്ളിയലും കിനാലൂരുമെല്ലാം ഇതിന്റെ അപാകതകളാണ് കാണുന്നത്. ഇവിടെ ഏതെങ്കിലുമൊരു ഭരണകൂടത്തിന്റെ മര്‍മ്മത്തെ ചോദ്യം ചെയ്താല്‍ അവരെ എളുപ്പത്തില്‍ ഇല്ലാതാക്കാനുള്ള വഴി മാവോയി്‌സ്റ്റുകളെന്ന് ചാപ്പ കുത്തലാണ്. അതാണ് ഏറ്റവും വലിയ പ്രശ്‌നം. മുസ്‌ലിം തീവ്രവാദത്തെക്കുറിച്ച് പറയുമ്പോഴും ഏത് തീവ്രവാദത്തെക്കുറിച്ച് പറയുമ്പോഴും നമ്മള്‍ അന്യര്‍ , അവര്‍ തീവ്രവാദികള്‍ എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.

ജോര്‍ജ് ബുഷ് ഒക്കെ നേരത്തെ പറഞ്ഞ ‘ഒന്നുകില്‍ നിങ്ങള്‍ തീവ്രവാദികളുടെ പക്ഷത്ത് അല്ലെങ്കില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ കൂടെ’. അത്തരം ദ്വന്ദങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മാവോയിസ്റ്റുകളെ നേരിടാനാകില്ല. അവിടെ ഈ ആദിവാസികള്‍ക്കെങ്ങിനെയാണ് ഭരണകൂടങ്ങള്‍ക്കൊപ്പം നില്‍ക്കാനാവുക. അവരുടെ അനുഭവങ്ങളാണ് അവരെ ഭരണകൂടത്തിന്റെയും ജനാധിപത്യത്തിന്റെയും വിരുദ്ധ ചേരിയിലെത്തിച്ചത്.

ആദിവാസികള്‍ക്ക് മാവോയിസ്റ്റുകള്‍ക്കെതിരെ ഭരണകൂടത്തിന്റെ കൂടെ നില്‍ക്കണമെങ്കില്‍ അവര്‍ക്ക് അത്തരത്തില്‍ എന്തെങ്കിലുമൊരു അനുഭവം വേണ്ടെ?. മാവോയിസ്റ്റുകള്‍ ഉണ്ടാവുന്നത് എങ്ങിനെയെന്ന ചോദ്യത്തിന് ഉത്തരമാണിതെല്ലാം. വേദാന്തയെപ്പോലും പോസ്‌കോയെപ്പോലെയും ധാതു ഖനനത്തിന് അനുമതി കൊടുക്കപ്പെട്ട ഒട്ടനവധി കമ്പനികള്‍ ഇവിടെയുണ്ട്. വേദാന്തയുടെ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരമെന്നതും വസ്തുതയാണ്.

അരുന്ധതിയുടെ ഔട്ട്‌ലുക്ക് ലേഖനത്തിലും ഇതെല്ലാം ചൂണ്ടിക്കാട്ടുന്നുണ്ട്. അരുന്ധതിയുടെ ലേഖനത്തില്‍ അവിടെ വേദാന്തയുടെ ഒരു ക്യാന്‍സര്‍ ആശുപത്രിയുടെ പരസ്യം കാണുന്ന കാര്യം പറയുന്നുണ്ട്. ഈ ആശുപത്രി കാണുമ്പോള്‍ തീര്‍ച്ചയായും ഇവിടെയെവിടെയോ ഒരു ബോക്‌സൈറ്റിന്റെ കുന്നുണ്ടെന്നും അരുന്ധതി റോയി പറയുന്നു. ഓരോ ക്യാന്‍സര്‍ ആശുപത്രിയും ഓരോ ഡീലാണ്. ക്യാന്‍സര്‍ ആശുപത്രികള്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് മറയിടാനാണ്. അരുന്ധതി ക്യാന്‍സര്‍ ആശുപത്രിയെപ്പറ്റി പറഞ്ഞതാവാം പിണറായിയെ പ്രകോപിപ്പിച്ചതും അരുന്ധതിക്കെതിരായി പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചതും.

തയ്യാറാക്കിയത്: വരുണ്‍ രമേഷ്