Administrator
Administrator
ദേശീയപാതയില്‍ ബി.ഒ.ടിയുടെ പേരില്‍ പകല്‍ക്കൊള്ള
Administrator
Friday 2nd March 2012 12:03pm

എന്‍.എച്ച് 47 ഇടപ്പള്ളിമണ്ണുത്തി ദേശീയപാത ടോള്‍ പിരിവിനെതിരായി പാലിയേക്കരയില്‍ നടക്കുന്ന സമരത്തെ കുറിച്ച് സി.ആര്‍ നീലകണ്ഠന്‍ എഴുതുന്നു.

മണ്ണുത്തി മുതല്‍ ആങ്കമാലി വരെ 39.5 കിലോമീറ്റര്‍ ദൂരം നാലുവരിപ്പാതയാക്കാന്‍ 2005 ല്‍ നാഷണല്‍ ഹൈവേ അതോറിറ്റി വിളിച്ച ടെണ്ടറില്‍ തിരഞ്ഞെടുക്കപ്പെട്ടത് ആന്ധ്രയിലെ കെ.എം.സി യും സ്രെയി കമ്പനിയും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ്. എന്നാല്‍ ഇവര്‍ ഈ ജോലി ഒരു പുതിയ കമ്പനിയായ ജി.ഐ.പി.എല്ലിനെ ഏല്‍പ്പിച്ചു. ഇത് നിയമവിരുദ്ധമാണ്. കാരണം, ജി.ഐ.പി.എല്‍ എന്ന കമ്പനി രൂപം കൊള്ളുന്നത് തന്നെ 2005 നവംബര്‍ 24 നാണ്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് 2005 സെപ്തംബറിലാണ്. ജി.ഐ.പി.എല്‍ എന്ന കമ്പനിക്കു ഒരു ജോലിയിലും യാതൊരു മുന്‍പരിചയവുമില്ല. ഇതൊരു വലിയ അഴിമതിയാണ്.

റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ പാലിയേക്കരയില്‍ ടോള്‍ ബൂത്തില്‍ പിരിവു നടത്താന്‍ കമ്പനിക്കു അനുമതിനല്‍കി. 2011 ഡിസംബര്‍ 5 നായിരുന്നു അത്. ജനങ്ങള്‍ ശക്തമായി പ്രതിരോധിച്ചപ്പോള്‍ പിരിവു നിര്‍ത്തിവെച്ചു മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു ക്ഷണിച്ചു. സുരക്ഷിതമായ റോഡ് ആകണമെങ്കില്‍ നിരവധി കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട് എന്ന് ഡിസംബര്‍ പത്തിന്റെ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കുതന്നെ ബോധ്യപ്പെട്ടു.

1. ഇരുവശത്തുമായി 80 കിലോമീറ്റര്‍ സര്‍വീസ് റോഡ് നിര്‍മ്മിക്കേണ്ടതുണ്ട്. കാല്‍നട, സൈക്കിള്‍ ഭാരവണ്ടികള്‍, തദ്ദേശീയരുടെ ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ മുതലായവ അതിവേഗപാതയിലൂടെ പോകുന്നത് ഒഴിവാക്കാന്‍ ഇതാവശ്യമാണ്.  എന്നാല്‍ 52 കിലോമീറ്റര്‍ മാത്രമേ ദേശീയപാത നിര്‍മ്മിച്ചിട്ടുള്ളൂ. അതും തുടര്‍ച്ചയായല്ല താനും. ഇതുമൂലം എല്ലാ വാഹനങ്ങള്‍ക്കും അതിവേഗപാതയിലൂടെ പോകേണ്ടിവരുന്നു.

2. ഈ നാല്‍പ്പതു കിലോമീറ്ററിനിടയില്‍ 22 ഇടത്ത് പ്രധാന കവലകളുണ്ട്. ഈ കവലകളില്‍ ബസുകള്‍ അടക്കം നിരവധി വാഹനങ്ങളും യാത്രക്കാരും ഇടറോഡില്‍ നിന്ന് വന്നു ഹൈവേയിലേക്ക് കയറുന്നു. ഹൈവേ മുറിച്ചുകടക്കുന്നു. എന്നാല്‍, ഇതില്‍ എഴിടത്ത് മാത്രമേ മേല്‍പ്പാലങ്ങള്‍ ഉള്ളൂ. ബാക്കി കവലകളില്‍ അടിപ്പാതകളോ സിഗ്‌നലുകള്‍ പോലുമോ ഇല്ല. പലപ്പോഴും അര മണിക്കൂറും ഒരു മണിക്കൂറും വരെ കാത്തു നിന്നാലാണ് മനുഷ്യര്‍ക്കും വാഹനങ്ങള്‍ക്കും ഹൈവേ മുറിച്ചു കടക്കനാകുക. ഇത് വന്‍തോതില്‍ അപകടമുണ്ടാക്കുന്നു. ശക്തമായ സമരത്തെ തുടര്‍ന്ന് ഇതില്‍ രണ്ടിടത്തുമാത്രം (കരയാംപറംബ്, ആമ്പല്ലൂര്‍) സിഗ്‌നലുകള്‍ സ്ഥാപിച്ചു. ബാക്കി പതിമൂന്നു കവലകള്‍ അപകടകരമായി തുടരുന്നു. ഇതില്‍ ചിറങ്ങര, കൊരട്ടി, ചാലക്കുടി, പോട്ട, പുതുക്കാട്, മുതലായ തിരക്കേറിയ കവലകളും പെടുന്നു.

3 ഈ പാതയില്‍ ഒരിടത്ത് മാത്രമേ ആവശ്യമായ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളൂ. അതും ടോള്‍ പ്ലാസയ്ക്ക് അടുത്ത് മാത്രം. മറ്റു ചിലയിടങ്ങളില്‍ അതിനുള്ള കാലുകള്‍ നാട്ടിയിട്ടുണ്ടെങ്കിലും ഒന്നും തന്നെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. രാത്രി കാലങ്ങളില്‍ അതിവേഗം പായുന്ന വാഹനങ്ങള്‍ തട്ടി അപകടങ്ങളുണ്ടാവുകയാണ്. കാല്‍നട, സൈക്കിള്‍ ഇരുചക്രവാഹനങ്ങള്‍ മുതലായവയില്‍ റോഡു മുറിച്ചു കടക്കുന്നവരെ കാണാന്‍ വാഹനമോടിക്കുന്നവര്‍ക്ക് കഴിയുന്നില്ല.

4. 29 ഇടത്ത് ബസ് സ്റ്റോപ്പുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. എന്നാല്‍ 12 ഇടത്ത് മാത്രമാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. ബാക്കി സ്ഥലങ്ങളില്‍ ജനങ്ങള്‍ അതിവേഗപാതയില്‍ ബസ്സ് കാത്തു നില്‍ക്കുന്നതുമൂലം അപകടങ്ങള്‍ ഉണ്ടാകുന്നു.

5.പ്രധാനപ്പെട്ട പാലങ്ങളില്‍പ്പോലും ശരിയായ നടപ്പാതകള്‍ നിര്‍മിച്ചിട്ടില്ല.

ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ട മുഖ്യമന്ത്രി ഇവയെല്ലാം ചെയ്ത ശേഷമേ ടോള്‍ പിരിക്കൂ എന്ന ഉറപ്പുനല്‍കി. എന്നാല്‍ ബാഹ്യമായ ചില സമ്മര്‍ദ്ദങ്ങളാല്‍ ആകണം 2012 ജനുവരി 15 നു വീണ്ടും പോലീസ് സഹായത്തോടെ ടോള്‍ പിരിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഇതും ജനങ്ങള്‍ തടഞ്ഞു. വീണ്ടും രണ്ടുവട്ടം മുഖ്യമന്ത്രിയും ഒരുവട്ടം ഗതാഗതവകുപ്പ് മന്ത്രിയും യോഗം വിളിച്ചു. മേല്‍പ്പറഞ്ഞ പരാതികള്‍ക്ക് പുറമേ താഴെ പറയുന്ന പ്രശ്‌നങ്ങള്‍ കൂടി സംയുക്ത സമരസമിതി ഉന്നയിച്ചു.

1. കമ്പനി റോഡ് നിര്‍മ്മിച്ചത് മണ്ണുത്തി മുതല്‍ അങ്കമാലി വരെ മാത്രമാണ്. എന്നാല്‍, അവര്‍ ടോള്‍ പിരിക്കുന്നത് മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള ദൂരത്തിനാണ്. ഇതുമൂലം മൊത്തം ദൂരം 66 കിലോമീറ്റര്‍ ആണ്. നിര്‍മ്മിക്കാത്ത റോഡിനു നിര്‍മ്മിച്ച റോഡിന്റെ അതെ നിരക്കില്‍ ടോള്‍ പിരിക്കുക വഴി ഇവര്‍ക്ക് കൊള്ള ലാഭമാണ് കിട്ടുന്നത്. വളരെ ചെറിയ ദൂരം മാത്രമാണെങ്കിലും ടോള്‍ ബൂത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ മൊത്തം 66 കിലോമീറ്ററിന്റെ ടോള്‍ നല്‍കണം. ഉദാഹരണം: കാറിനു ഒരു വശത്തേക്ക് പോകാന്‍ മാത്രം 50 രൂപ നല്‍കണം. തിരിച്ചു വരണമെങ്കില്‍ 85 രൂപ നല്‍കണം. ഇതുപോലെ ബസ്സിനും ട്രക്കിനുമെല്ലാം വന്‍ തുക ടോള്‍ ആയി നല്‍കണം. ഇത് സാധാരണ മനുഷ്യരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. തൊട്ടടുത്തുള്ള പമ്പില്‍ ഡീസല്‍ വില ലിറ്ററിന് ആറുപൈസ ഒരൊറ്റ ദിവസം കൊണ്ട് വര്‍ധിച്ചു.

പുതിയ പാതയുടെ നിര്‍മാണ ചിലവ് 312 കോടി രൂപയാണ്. ഇന്നത്തെ നിരക്കില്‍ ടോള്‍ പിരിച്ചാല്‍ തന്നെ മൂന്നു വര്‍ഷത്തിനകം മുടക്കുമുതലും പലിശയും അവര്‍ തിരിച്ചു പിടിക്കും. ഓരോ വര്‍ഷവും ഉണ്ടാകുന്ന വാഹനങ്ങളുടെ പെരുപ്പവും കരാര്‍ അനുസരിച്ച് മൊത്തവ്യാപാര വിലസൂചിക ഉയരുമ്പോള്‍ ഉണ്ടാകുന്ന ടോള്‍ നിരക്കിലെ വര്‍ധനവും പരിഗണിച്ചാല്‍ ഇവര്‍ക്ക് അവകാശപ്പെട്ട പതിനേഴര വര്‍ഷംകൊണ്ട് 12,500 കോടി രൂപ ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കും. ഈ കൊള്ളയില്‍ പല ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പങ്കു കിട്ടുന്നു എന്നതിനാല്‍ ആണ് ഇവരെല്ലാം ഇതിനെ കണ്ണുമടച്ചു പിന്തുണയ്ക്കുന്നത്.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇതെല്ലാം അദ്ദേഹത്തിനും ബോധ്യപ്പെട്ടു. മുന്‍പേ ഒപ്പിട്ട കരാര്‍ ആയതിനാല്‍ ടോള്‍ ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണെന്നും ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട സഞ്ചാരസ്വാതന്ത്ര്യം തിരിച്ചു നല്‍കുമെന്നും ഉറപ്പു നല്‍കി. പാതയ്ക്കിരുവശവും മുഴുനീളം സര്‍വീസ് റോഡ് നിര്‍മ്മിക്കുമെന്നും ടോള്‍ ഇല്ലാതെ സാധാരണക്കാര്‍ക്ക് അതിലെ യാത്ര ചെയ്യാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. അങ്കമാലി  ഇടപ്പള്ളി ദൂരത്തെ അധിക ടോള്‍ സംബന്ധിച്ച് ഗൗരവമായി ആലോചിക്കുമെന്നും പറഞ്ഞു.

എന്നാല്‍, പാലങ്ങളിലെ ചെറിയ നടപ്പാതകള്‍ (കൈവരി പോലുമില്ലാതെ) നിര്‍മിച്ചുവെന്നു അവകാശപ്പെട്ടുകൊണ്ട് ഫെബ്രുവരി 9 ാം തീയതി മുതല്‍ ആയിരക്കണക്കിന് പോലീസുകാരുടെ അകമ്പടിയോടെ ടോള്‍പിരിവാരംഭിച്ചു. ചില നാമമാത്രമായ ഇളവുകള്‍ പ്രദേശവാസികള്‍ക്ക് നല്‍കി എന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഇത് വഞ്ചനയാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് സമരം ചെയ്യുകയാണ്.

SNDP, NSS, KPMS, AIYF, AITUC, BJP, SJD, CPI(ML), പി.ഡി.പി, സോളിഡാരിറ്റി, ശാസ്ത്രസാഹിത്യ പരിഷത്ത്, തുടങ്ങി നിരവധി സാമൂഹിക സംഘടനകളും പ്രൊഫ.സാറാ ജോസഫ്, കെ.അജിത, പി.സുരേന്ദ്രന്‍, ആനന്ദ് പട്വര്‍ധന്‍, തുടങ്ങിയ സാംസ്‌കാരിക നേതാക്കളും വി.എം.സുധീരന്‍, വി.മുരളീധരന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും സമരത്തിന് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്.

ഫെബ്രുവരി 13 നു രാവിലെ മുതല്‍ അഞ്ചുപേര്‍ നിരാഹാര സമരം ആരംഭിച്ചു. അതിലൊരാള്‍ കഴിഞ്ഞ പത്തൊന്‍പതു ദിവസമേ അത് തുടരുകയാണ്. ഇവരുടെ ജീവന്‍ അപകടത്തിലായിട്ടു ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. ഇപ്പോഴും വലിയൊരു പോലീസ് സന്നാഹത്തെ ടോള്‍ പിരിവിനായി ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെപ്പോലും അതിക്രൂരമായി മര്‍ദ്ദിക്കുകയും അവരുടെ പേരില്‍ കള്ളക്കേസ് എടുക്കുകയും ചെയ്യുന്നു. താഴെ പറയുന്ന കാര്യങ്ങള്‍ എങ്കിലും അടിയന്തിരമായി ചെയ്യാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.

1. റോഡ് സുരക്ഷിതമായി എന്നുറപ്പ് വരുതുന്നതുവരെ ടോള്‍ പിരിവു നിര്‍ത്തി വെക്കുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക
2. മുഖ്യമന്ത്രി ഉറപ്പു നല്‍കിയതുപോലെ, ഇരുവശത്തും പൂര്‍ണ്ണമായി ടോളില്ലാത്ത സര്‍വീസ് റോഡ് അനുവദിക്കുക. .
3. അങ്കമാലി ഇടപ്പള്ളി ദൂരത്തെ ടോള്‍ ഉപേക്ഷിക്കുക.

Advertisement