കൊച്ചി: തസ്‌നി ബാനു സംഭവത്തില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുന്നത് വരെ തസ്‌നി ബാനുവിന്റെ കൂടെ നില്‍ക്കുമെന്ന് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍. തുടക്കത്തില്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്ന സി.ആര്‍ നീലകണ്ഠന്‍ ഇപ്പോള്‍ മൗനം പാലിക്കുന്നുവെന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തസ്‌നി സംഭവത്തിലെ പ്രതികള്‍ കടുത്ത സ്ത്രീ വിരുദ്ധരാണെന്ന തോന്നുന്നില്ല. ഇവര്‍ സദാചാര പോലീസ് കളിക്കുന്ന കേരളീയ സമൂഹത്തിന്റെ ഭാഗം മാത്രമാണ്. ഇതുപോലെ വിവാദങ്ങളുണ്ടാകുമ്പോള്‍ സ്ത്രീ വഴിപിഴച്ചവളാണെന്നും മദ്യപിച്ചുവെന്നും അവളാണ് ആദ്യം ആക്രമിച്ചുവെന്നതുമൊക്കയുള്ള പ്രതികരണങ്ങള്‍ പുരുക്ഷാധിപത്യ സമൂഹത്തില്‍ സ്വാഭാവികമാണ്.

ഇവിടെ തസ്‌നി ആക്രമിക്കപ്പെട്ടുവെന്നത് മാത്രമാണ് പ്രസക്തമായ പ്രശ്‌നം. അതിന് അര്‍ഹിക്കുന്ന ശിക്ഷ പ്രതികള്‍ക്ക് ലഭിക്കേണ്ടതുണ്ട. അതിനായി അവസാനം വരെ തസ്‌നിയുടെ കൂടെ നില്‍ക്കും.

എന്നാല്‍ എന്ത് കണ്ടാലും പ്രതികരിക്കരുത് എന്ന രീതിയില്‍ ചര്‍ച്ച പോവുന്നത് ദൗര്‍ഭാഗ്യകരണാണ്. സ്ത്രീയായലും പുരുക്ഷനായാലും അസമയത്ത് ഒരു പ്രദേശത്ത് കാണപ്പെട്ടാല്‍ സഭ്യമായ രീതിയില്‍ കാര്യം തിരക്കുകയെന്നത് ശരിയാണ്. ചെയ്യേണ്ടതാണ്. എന്നാല്‍ ഇവിടെ സംഭവിച്ചത് അതെല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നോട് ഈ വിഷയത്തില്‍ ഒരു മാധ്യമവും അഭിപ്രായം ചോദിച്ചിരിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.