എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം നേതൃത്വം നാടുവാഴി- സ്റ്റാലിനിസ്റ്റ് പാതയിലെന്ന് പ്രഭാത് പട്‌നായിക്
എഡിറ്റര്‍
Sunday 17th June 2012 12:12pm

ന്യൂദല്‍ഹി: സി.പി.ഐ.എം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആസൂത്രണബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ പ്രഭാത് പട്‌നായിക്ക് രംഗത്ത്. ചിന്തരവി ഫൗണ്ടേഷനുമായുള്ള ഇ-മെയില്‍ ചര്‍ച്ചയിലാണ് പട്‌നായിക്ക് പാര്‍ട്ടി നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചത്. കേരളത്തിലെ  സി.പി.ഐ.എം നേതൃത്വം നാടുവാഴി-സ്റ്റാലിനിസ്റ്റ് വഴിയിലാണെന്ന് പ്രഭാത് പട്‌നായിക്ക് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. സി.പി.ഐ.എം എത്രയും പെട്ടെന്ന് തെറ്റുതിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്യൂഡല്‍ സ്റ്റാലിനിസവും ബൂര്‍ഷ്വായിസ് ലിബറലിസവുമാണ് ഇന്ത്യയിലെ കമ്മ്യൂണിസം നേരിടുന്ന പ്രധാനഭീഷണി. സി.പി.ഐ.എം മുതലാളിത്ത പാതയിലേക്ക് പോകുകയാണ്.  പാര്‍ട്ടിക്ക് സോഷ്യലിസ്റ്റ് മുഖം നഷ്ടപ്പെട്ടുവെന്നും പ്രഭാത് പട്‌നായിക്ക് വ്യക്തമാക്കുന്നു.ചിന്താരവി മെമ്മോറിയില്‍ സെമിനാറില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാമെന്നും പട്‌നായിക് പറഞ്ഞു.

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ വലിയ ആപത്തിലേക്ക് പോകുമെന്നും പട്‌നായിക്ക് സന്ദേശത്തില്‍ പറയുന്നു. വി.എസ്.നിര്‍ബന്ധിച്ചതിനാലാണ് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുത്തതെന്നും പാര്‍ട്ടിയിലെ പലരും എതിര്‍ത്തുവെന്നും പട്‌നായിക്ക് സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈ ഏഴിന് കേരളത്തില്‍ നടക്കുന്ന ചിന്താ രവി മെമ്മോറിയല്‍ സെമിനാറിലേക്ക് പട്‌നായിക്കിനെയും ക്ഷണിച്ചിട്ടുണ്ട്.


പ്രഭാത് പട്‌നായിക് അയച്ച സന്ദേശത്തിന്റെ പൂര്‍ണരൂപം

പ്രിയ റാം, താങ്കളുടെ മെയിലില്‍ ഒരു പ്രധാനപ്പെട്ട വിഷയമാണ് ഉയര്‍ത്തിയിട്ടുള്ളത്. അതിനു ഞാന്‍ താങ്കളെ അഭിനന്ദിക്കുന്നു, അതുമായി ബന്ധപ്പെട്ട് എനിക്ക് പറയാനുള്ള താഴെ വിവരിക്കുന്നു.

എന്റെ മുപ്പത്തിയേഴാമത്തെ വയസുമുതല്‍ ഞാന്‍ പാര്‍ട്ടിക്കൊപ്പമുണ്ട്. അടിയന്തരാവസ്ഥ തുടങ്ങിയ കാലത്താണ് ഞാന്‍ അതിലേക്ക് വരുന്നത്. എന്റെ അച്ഛന്‍ ഒരു സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റുമാണ് (1936ല്‍ ഒറീസയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായിരുന്നു അദ്ദേഹം). കുഞ്ഞുനാളുമുതലേ കമ്മ്യൂണിസ്റ്റുകള്‍ അനുഭവിച്ച നിരവധി ത്യാഗങ്ങള്‍ കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. പണിയെടുക്കുന്ന ജനവിഭാഗങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി അവര്‍ സ്വയം സമര്‍പ്പിച്ചിരുന്നു. അന്നുമുതലേ പാര്‍ട്ടിയില്‍ ചേരണമെന്നത് എന്റെ ഒരാഗ്രഹമായിരുന്നു. 1975ലാണ് അത് സഫലമായത്. അതുകൊണ്ടുതന്നെ കേരളത്തില്‍ കഴിഞ്ഞ കുറച്ചുനാളുകളായി നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ എനിക്ക് അതിയായ വേദനയും മാനസിക സംഘര്‍ഷവും ഉണ്ട്. എന്നെ സംബന്ധിച്ച് അവയൊന്നും വെറും ധാര്‍മിക പ്രശ്‌നങ്ങള്‍ മാത്രമല്ല, മറിച്ച് നിലനില്‍പ്പിന് തന്നെ പ്രശ്‌നമുണ്ടാക്കുന്നവയാണ്.

എന്റെ അഭിപ്രായത്തില്‍ ഇന്ന് ഇന്ത്യയിലെ കമ്മ്യൂണിസം രണ്ട് തരത്തിലുള്ള ഭീഷണികളാണ് നേരിടുന്നത്. ഒരു ഭാഗത്ത് ബൂര്‍ഷ്വാ ലിബറലിസത്തിന്റെ മേല്‍ക്കോയ്മ, മറ്റൊന്ന് ഫ്യൂഡല്‍സ്റ്റാലിനിസത്തിന്റെ ഇരയായി തീരുന്ന അവസ്ഥ. സോഷ്യലിസത്തിലുള്ള വിശ്വാസ കുറവ്, നവലിബറല്‍ വികസന അജന്‍ഡയോടുള്ള സ്വീകാര്യത, ജനശാക്തീകരണത്തോടുള്ള നിഷേധം എന്നിവ ഈ രണ്ടു പ്രവണതകളിലും പൊതുവായി കാണാവുന്നതാണ്.

ഇതില്‍ ഏതെങ്കിലും ഒന്നിനോടോ, അതോ എല്ലാറ്റിനോടോ കീഴടങ്ങുന്നത് ദുരന്തത്തിലേക്കാണ് വഴിവയ്ക്കുക, അത് ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരുമായിരിക്കും. സോഷ്യലിസം തിരിച്ചുകൊണ്ടു വരികയാണെങ്കില്‍, ഒരു ബദല്‍ സ്റ്റാലിനിസ്‌റ്റേതര മാര്‍ക്‌സിസം പ്രയോഗത്തില്‍ വരുത്തേണ്ടതുണ്ട്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും, കേരളത്തിലും മറ്റിടങ്ങളിലും നാം നേരിടുന്ന ഫ്യൂഡല്‍സ്റ്റാലിനിസ്റ്റ് രീതിയെ വിമര്‍ശിക്കാനുമുള്ള ഒരു അവസരം കൂടിയായാണ് ചിന്ത രവി അനുസ്മരണ പ്രഭാഷണത്തെ ഞാന്‍ കാണുന്നത്. മാര്‍ക്‌സിസത്തില്‍ ഗൗരവമായ താത്പര്യമുള്ള ബുദ്ധിജീവികള്‍ പങ്കെടുക്കുന്ന ഒരു പരിപാടിയായിരിക്കും ആ അനുസ്മരണം എന്നതിനാലാണ് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയായി ഇതിനെ കാണുന്നത്. അത്തരത്തിലുള്ള സംഘങ്ങളുമായി ഇടപഴകാന്‍ എനിക്ക് എപ്പോഴും അവസരം കിട്ടാറില്ല.

ഒരു അവസാന കാര്യം കൂടി. കേരളത്തിലെ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഞാന്‍ ഔദ്യോഗിക സ്ഥാനം ഏറ്റെടുത്തത് (പ്ലാനിംഗ് ബോര്‍ഡ് ഉപാധ്യക്ഷന്‍) പാര്‍ട്ടിയുടെ ഏതെങ്കിലും തീരുമാനപ്രകാരമായിരുന്നില്ല. സഖാവ് വിഎസ് അച്യുതാനന്ദന്റെ വ്യക്തിപരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു അത്. പാര്‍ട്ടിയിലുള്ളവരുള്‍പ്പെടെ എന്റെ മിക്ക സുഹൃത്തുക്കളും ആ തീരുമാനത്തിനെതിരായാണ് എനിക്കുപദേശം നല്‍കിയത്. പക്ഷെ ഞാനത് തള്ളിക്കളഞ്ഞു. ആ തീരുമാനത്തില്‍ ഞാനിതുവരെ ദു:ഖിച്ചിട്ടില്ല.

‘…… സി.പി.ഐ.എം മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വഴിമാറേണ്ടിവരും’

Advertisement