തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാട് സമര്‍പ്പണവും നടത്തിയതില്‍ സി.പി.ഐ.എമ്മില്‍ അതൃപ്തി. വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന്‍ പറഞ്ഞു.

വിവാദം നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. അതേസമയം വിവാദം പരിശോധിച്ച് ശേഷം പ്രതികരിക്കാം എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

 


Also Read   നടക്കുന്നത് സൂപ്പര്‍ പി.ആര്‍.ഒ വര്‍ക്ക്; നടിയെ ആക്രമിച്ച കേസ് ബലാത്സംഗശ്രമ കേസ് മാത്രമായി ഒതുക്കാന്‍ ശ്രമമെന്ന് പി.ടി തോമസ് എം.എല്‍.എ


ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി പരിപാടികള്‍ക്ക് മന്ത്രിയായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ക്ഷേത്ര ദര്‍ശനത്തിനിടെ കടകംപള്ളി കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തി. അന്നദാനത്തിനുള്ള പണം കൂടി നല്‍കിയതിന് ശേഷമാണ് ക്ഷേത്രം വിട്ടത്.

അഷ്ടമി രോഹിണിക്കെതിരെ നിലപാട് എടുക്കുന്ന പി ജയരാജനുള്ള മറുപടിയാണ് മന്ത്രിയുടെ ക്ഷേത്ര ദര്‍ശനമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. വിശ്വാസത്തിന്റെ പേരിലുള്ള സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.