എഡിറ്റര്‍
എഡിറ്റര്‍
ഐ.എസ്.ഐയുടെ സഹായത്തോടെ സി.പി.ഐ.എമ്മും നക്‌സലുകളും തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: മമത
എഡിറ്റര്‍
Wednesday 23rd May 2012 11:13am

കൊല്‍ക്കത്ത: ഐ.എസ്.ഐയുടെ സഹായത്തോടെ സി.പി.ഐ.എമ്മും, മാവോയിസ്റ്റുകളും തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഉത്തരകൊറിയയും വെനിസ്വലയും ഹംഗറിയുമാണ് ഇവര്‍ക്ക് ധനസഹായം നല്‍കുന്നതെന്നും മമത ആരോപിച്ചു.

വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് സി.പി.ഐ.എമ്മിനെതിരെ പുതിയ ആരോപണവുമായി മമത രംഗത്തെത്തിയത്. ഫെയ്‌സ്ബുക്കില്‍ മമതയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് നിയമ നടപടി നേരിടുന്ന ജാവേദ്പൂര്‍ യൂണിവേഴ്‌സിറ്റി പ്രഫസറെക്കുറിച്ച് ചോദിച്ചപ്പോഴാണ് മമത പുതിയ ആരോപണവുമായി രംഗത്തെത്തിയത്.

‘ അവര്‍ എനിക്ക് വധശിക്ഷ നല്‍കും. വ്യാജപേരുകളില്‍ തന്നെ കളിയാക്കുന്ന ഫോട്ടോകള്‍ ഓരോദിവസവും അവര്‍ ഫെയ്‌സ്ബുക്കിലൂടെയോ, ഇന്റര്‍നെറ്റിലൂടെയോ ഇ-മെയിലൂടെയോ പ്രചരിപ്പിക്കുകയാണ്. ‘ മമത പറഞ്ഞു.

ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിനുള്ള ഏറ്റവും വലിയ തടസം എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖകന്‍ സൈമണ്‍ ഡെന്യാര്‍ മമത ബാനര്‍ജിയെ വിശേഷിപ്പിച്ചത്. ‘ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ അവര്‍ അവരുടെ ജീവിതം ചിലവഴിച്ചു. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് ഏറ്റവും വലിയ തടസമാണിവര്‍’ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഡെന്യര്‍ പറയുന്നു.

മമത ബാനര്‍ജിയുടെ രാഷ്ട്രീയ വീക്ഷണങ്ങളെക്കാള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് ലേഖനത്തില്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ സ്വന്തം പ്രയത്‌നത്താല്‍ രാഷ്ട്രീയ അധികാരത്തിലേക്കെത്തിയ ആളാണ് മമതയെന്ന രീതിയിലാണ് ലേഖനത്തില്‍ അവരെ പരിചയപ്പെടുത്തുന്നത്. ‘ഒരു പ്രശസ്ത രാഷ്ട്രീയ നേതാവിന്റെ വിധവയായോ, അനാഥയായ മകളായോ, മുന്‍കാമുകിയായോ അല്ല മമത രാഷ്ട്രീയത്തില്‍ സ്ഥാനം നേടിയെടുത്തത്.’ ലേഖനത്തില്‍ പറയുന്നു.

Advertisement