കൊല്ലം:പ്രണയവിവാഹത്തിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റിനോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടു. കൊല്ലം മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോളോടാണ് സി.പി.ഐ .എം   ലോക്കല്‍കമ്മിറ്റി രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

മൈലം പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അവിടുത്തെ ഡ്രൈവറായ ജയനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് നടപടി. പ്രണയത്തിന്റെ കാര്യമറിഞ്ഞ പാര്‍ട്ടി ഏരിയാ കമ്മിറ്റി വിവാഹം അഞ്ചുവര്‍ഷത്തേക്ക് നീട്ടിവെയ്ക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. കീഴുദ്യോഗസ്ഥനായ ജയനെ വിവാഹം കഴിക്കുന്നതില്‍ പാര്‍ട്ടി പ്രതിഷേധം കണക്കിലെടുക്കാതെയാണ് ഇരുവരും വിവാഹിതരായത്.

ജയന്‍ 3 വര്‍ഷമായി മൈലം പഞ്ചായത്തിലെ വാഹനം ഓടിക്കുന്നു. മി്‌നിമോള്‍ 6 മാസമായി ഈ പഞ്ചായത്തിലെ പ്രസിഡന്റാണ്. പട്ടികജാതി സംവരണത്തിലാണ് മിനിമോള്‍ മൈലം പഞ്ചായത്ത് പ്രസിഡന്റാകുന്നത്.

തൊഴിലാളി വര്‍ഗത്തെ അനുകൂലിക്കുന്ന പാര്‍ട്ടി തങ്ങളുടെ കാര്യത്തില്‍ ഇത്തരത്തിലൊരു നിലപാടെടുക്കുന്നതില്‍ വിഷമമുണ്ടെന്നും പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കും എന്നാല്‍ പാര്‍ട്ടി അംഗത്വം രാജി വെയ്ക്കില്ലെന്ന് മിനിമോള്‍ പറഞ്ഞു..