എഡിറ്റര്‍
എഡിറ്റര്‍
കോര്‍പ്പറേറ്റ് ഫണ്ട് സ്വീകരിക്കുന്നതില്‍ സി.പി.ഐ.എമ്മിന് നാലാം സ്ഥാനം: ലഭിച്ചത് 335 കോടി
എഡിറ്റര്‍
Saturday 11th August 2012 9:05am

ന്യൂദല്‍ഹി: കോര്‍പ്പറേറ്റ് ഫണ്ടുകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പോലെ തന്നെയാണ് സി.പി.ഐ.എം. കോര്‍പ്പറേറ്റ് ഫണ്ടുകളോടുള്ള സി.പി.ഐ.എം വിരോധം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവനകളില്‍ മാത്രം ഒതുങ്ങുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്ന കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

കോര്‍പ്പറേറ്റ് ഫണ്ടുകളില്‍ സ്വീകരിക്കുന്ന പാര്‍ട്ടികളില്‍ നാലാം സ്ഥാനമാണ് സി.പി.ഐ.എമ്മിന്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, ബി.എസ്.പി പാര്‍ട്ടികള്‍ക്ക് തൊട്ടുപിന്നില്‍ തന്നെയാണ് സി.പി.ഐ.എം. എന്‍.സി.പിയും സമാജ്‌വാദി പാര്‍ട്ടിയുമൊക്കെ സി.പി.ഐ.എമ്മിന് പിന്നിലാണ്.

2007-08നും 2011-2012നും ഇടയില്‍ 335 കോടി രൂപയിലധികമാണ് സി.പി.ഐ.എമ്മിന് ലഭിച്ച കോര്‍പ്പറേറ്റ് ഫണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. ഈ കാലയളവില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 200 കോടിയും എന്‍.സി.പിക്ക് 140 കോടിയുമാണ് ലഭിച്ചത്.

സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ സ്വാധീനം കുറയാന്‍ കാരണം ബൂര്‍ഷ്വാസികളായ തങ്ങളുടെ എതിരാളികള്‍ക്ക് വന്‍തോതില്‍ കോര്‍പ്പറേറ്റ് ഫണ്ട് ലഭിക്കുന്നതാണെന്ന്  പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തിയിരുന്നു

സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ സ്വാധീനം കുറയാന്‍ കാരണം ബൂര്‍ഷ്വാസികളായ തങ്ങളുടെ എതിരാളികള്‍ക്ക് വന്‍തോതില്‍ കോര്‍പ്പറേറ്റ് ഫണ്ട് ലഭിക്കുന്നതാണെന്ന് അടുത്തിടെ പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് ഫണ്ട് ലഭിച്ചത് കോണ്‍ഗ്രസിനാണ്. 1,662 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബി.എസ്.പിയാണ് തൊട്ടുപിറകില്‍. 1,226 കോടിയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. 852 കോടി ലഭിക്കുന്ന ബി.ജെ.പിയാണ് മൂന്നാം സ്ഥാനത്ത്.

ഈ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളുടെയും തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയായ എ.ഡി.ആറില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് കണക്ക് തയ്യാറാക്കിയത്.

പാര്‍ട്ടികളെല്ലാം തന്നെ ഫണ്ട് നല്‍കിയവരുടെ വിശദാംശങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ 99% പേരുടെയും വിവരങ്ങള്‍ രഹസ്യമാക്കിവെച്ചിരിക്കുകയാണ്. ആദ്യ നാല് പേരില്‍ ഫണ്ട് നല്‍കിയവരുടെ വിശദാംശങ്ങള്‍ നല്‍കുന്നതില്‍ സി.പി.ഐ.എമ്മിന്റേതാണ് ഏറ്റവും സുതാര്യത കുറവ്. 1% പേരുടെ വിശദാംശങ്ങള്‍ മാത്രമാണ് അവര്‍ പുറത്തുവിട്ടത്.

എന്നാല്‍ 2007-08 കാലഘട്ടത്തില്‍ 20% പേരുടെയും 2008-09 കാലയളവില്‍  14% പേരുടെയും വിശദാംശങ്ങള്‍ ബി.ജെ.പി വെളിവാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് വെളിപ്പെടുത്തിയത് യഥാക്രമം നാലും ആറും ശതമാനം പേരുടെ വിവരങ്ങള്‍ മാത്രമാണ്. ബി.എസ്.പി ആരുടെ പേരും പുറത്തുവിട്ടിട്ടില്ല.

ബൂര്‍ഷ്വാ പാര്‍ട്ടികളെന്ന് മറ്റുള്ളവരെ വിളിക്കുന്ന സി.പി.ഐ.എം അവരില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍. കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും ഫണ്ട് നല്‍കുന്നവരില്‍ പലരും സി.പി.ഐ.എമ്മിനും പണം നല്‍കുന്നുണ്ടെന്നും ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.

Advertisement