എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മിന്റെ ചരിത്രപരമായ വിഡ്ഢിത്തം; രണ്ട് വട്ടം പ്രധാനമന്ത്രിപദം നിരസിച്ചു
എഡിറ്റര്‍
Wednesday 27th November 2013 8:23am

jyoti-basu

കൊല്‍ക്കത്ത: പ്രധാനമന്ത്രി പദം തള്ളിക്കളഞ്ഞ സി.പി.ഐ.എമ്മിന്റെ ചരിത്രപരമായ വിഡ്ഢിത്തം മുമ്പും ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന ജ്യോതി ബസുവിനെ രണ്ടു തവണ പ്രധാനമന്ത്രിക്കസേരയിലേയ്ക്ക് ക്ഷണിച്ചിരുന്നെന്നും എന്നാല്‍ പാര്‍ട്ടി ഈ ക്ഷണം നിരസിക്കുകയായിരുന്നെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍.

സി.ബി.ഐ മുന്‍ ഡയറക്ടറും ബംഗാള്‍ ഡി.ജി.പിയുമായ അരുണ്‍ പ്രസാദ് മുഖര്‍ജിയുടെ ആത്മകഥയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അണ്‍നോണ്‍ ഫേസെറ്റ്‌സ് ഓഫ് രാജീവ് ഗാന്ധി, ജ്യോതി ബസു, ഇന്ദ്രജിത് ഗുപ്ത എന്ന പുസ്തകം മുഖര്‍ജിയുടെ സര്‍വീസ് കാലത്തെ ഡയറിക്കുറിപ്പുകളാണ്.

1996-ല്‍ തൂക്കുപാര്‍ലമെന്റ് നിലവില്‍ വന്നപ്പോഴായിരുന്നു ഇത്. അന്ന് മുലായം സിങ് യാദവ് ഉള്‍പ്പെടെയുള്ളവരാണ് ബസുവിനെ  പ്രധാനമന്ത്രി പദത്തിലേയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ സി.പി.ഐ.എം കേന്ദ്ര കമ്മറ്റി ഈ നിര്‍ദ്ദേശത്തെ വോട്ട് ചെയ്തു തോല്‍പിക്കുകയായിരുന്നു. ഇതിനെ ചരിത്രപരമായ വിഡ്ഢിത്തമെന്നാണ്   പിന്നീട് ജ്യോതി ബസു വിശേഷിപ്പിച്ചത്.

യാഥാര്‍ത്ഥ്യബോധവും ദീര്‍ഘദര്‍ശനവുമില്ലാത്ത നേതൃത്വത്തിന്റെ തെറ്റായ തീരുമാനം കൊണ്ടുണ്ടായ വിഡ്ഢിത്തം അതിന് മുമ്പ് തന്നെ രണ്ടു വട്ടം ആവര്‍ത്തിച്ചിരുന്ന കാര്യം അധികമാര്‍ക്കും അറിയില്ലെന്ന് ആത്മകഥയില്‍ മുഖര്‍ജി പറയുന്നു. 1990-ലാണ് ജ്യോതി ബസുവുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാന്‍ രാജീവ് ഗാന്ധി ആവശ്യപ്പെട്ടത്. അന്ന് താന്‍ ആഭ്യന്തരമന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്നു.

പ്രധാനമന്ത്രിയാകാനുള്ള രാജീവ് ഗാന്ധിയുടെ അഭ്യര്‍ത്ഥന ബസു നിരസിക്കുകയും പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്ന് പറയുകയും ചെയ്തു.
എന്നാല്‍ പാര്‍ട്ടിയും ഈ നിര്‍ദ്ദേശത്തെ പുറന്തള്ളുകയാണ് ചെയ്തത്.

തുടര്‍ന്നാണ് ജനതാ പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായത്. എന്നാല്‍ പ്രധാനമന്ത്രി പദത്തില്‍ ചന്ദ്രശേഖര്‍ പരാജയമായതിനെ തുടര്‍ന്ന് രണ്ടാമതും രാജീവ് ഗാന്ധി ബസുവിനെ സമീപിച്ചു. എന്നാല്‍ ബസുവിന്റെ മറുപടി പഴയത് തന്നെയായിരുന്നു.

രാജീവ് ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം മുതിര്‍ന്ന സി.പി.ഐ.എം നേതാക്കളെ സമീപിച്ചിരുന്നെങ്കിലും രണ്ടാമതും പാര്‍ട്ടി അവസരം നിഷേധിക്കുകയായിരുന്നു.  മുഖര്‍ജി വ്യക്തമാക്കുന്നു.

ആ അബദ്ധം സംഭവിച്ചില്ലായിരുന്നെങ്കില്‍ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നെന്ന് മുന്‍ ലോക്‌സഭ സ്പീക്കറും പാര്‍ട്ടിയുടെ നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.

Advertisement