കോഴിക്കോട്: കര്‍ഷക പ്രക്ഷോഭങ്ങളില്‍ സഹകരിക്കാന്‍ ബംഗാളില്‍ പാര്‍ട്ടി തകരുന്നതുവരെ സി.പി.ഐ.എമ്മിന് കാത്തിരിക്കേണ്ടി വന്നുവെന്ന് സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രന്‍.

എന്നാല്‍ കേരളത്തില്‍ ജനകീയ സമരക്കാര്‍ക്ക് നേരെപ്പോലും യു.എ.പി.എ പ്രയോഗിച്ച് സി.പി.ഐ.എം ജനാധിപത്യവിരുദ്ധത നടപ്പാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ തട്ടിക്കൊണ്ടുപോയി ഭാംഗര്‍ കര്‍ഷക പ്രക്ഷോഭം അടിച്ചമര്‍ത്താനായിരുന്നു മമത സര്‍ക്കാര്‍ ശ്രമിച്ചതെന്നും എന്നാല്‍ അത് നടന്നില്ലെന്നും കെ.എന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ബംഗാള്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്നാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കെ.എന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഭാംഗറിലെ കര്‍ഷകരെ ഭീഷണിപ്പെടുത്തി സമരം പൊളിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വര്‍ധിത വീര്യത്തോടെ ഭാഗറില്‍ കര്‍ഷകര്‍ പോരാട്ടത്തിലാണ്.


Dont Miss 1000 രൂപയുടെ അച്ചടി തുടങ്ങി; ഉടന്‍ വിതരണത്തിനെത്തുമെന്ന് റിസര്‍വ് ബാങ്ക് 


ഭൂമി ഏറ്റെടുക്കലിനെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ ഇപ്പോള്‍ സി.പി.ഐ.എം പിന്തുണക്കുന്നുണ്ട്. എന്നാല്‍ ജനകീയ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് ബംഗാളില്‍ പാര്‍ട്ടി തകരുന്നതുവരെ സി.പി.എമ്മിന് കാത്തിരിക്കേണ്ടിവന്നെന്നും അദ്ദേഹം പറയുന്നു.

ഇടതുപക്ഷ ഐക്യത്തെക്കുറിച്ച് സി.പി.ഐ.എം നേതാക്കള്‍ ഇപ്പോള്‍ പറയുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഭരണകക്ഷിയായ സി.പി.ഐ.എം ജനകീയ സമരങ്ങളോട് ജനാധിപത്യവിരുദ്ധമായാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ അടിസ്ഥാനവര്‍ഗ്ഗം ഇപ്പോള്‍ ഭൂമിയുടെ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നുണ്ട്. ഭാംഗര്‍ മാതൃകയില്‍ കേരളത്തില്‍ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും കെ.എന്‍ രാമചന്ദ്രന്‍ പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ഭാംഗറില്‍ പവര്‍ഗ്രിഡ് കോര്‍പറേഷന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് സി.പി.എം റെഡ്സ്റ്റാറാണ് നേതൃത്വം നല്‍കുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി കൊല്‍ക്കൊത്തയിലെത്തിയപ്പോഴാണ് രാമചന്ദ്രനെ പോലീസ് തട്ടിക്കൊണ്ടുപോയത്. സംഭവം വിവാദമായതോടെ രാമചന്ദ്രനെ പിന്നീട് വിട്ടയക്കുകയായിരുന്നു.