എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ. എം.എല്‍ റെഡ് സ്റ്റാറിനെ മാവോയിസ്റ്റ് സഹായ സംഘടനയായി ചിത്രീകരിച്ച മാതൃഭൂമിയ്‌ക്കെതിരെ വക്കീല്‍നോട്ടീസ്
എഡിറ്റര്‍
Saturday 8th July 2017 12:15pm

കോഴിക്കോട്: സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാറിനെ മാവോയിസ്റ്റുകളുടെ സഹായ സംഘടനയായി ചിത്രീകരിച്ച മാതൃഭൂമി റിപ്പോര്‍ട്ടിനെതിരെ വക്കീല്‍നോട്ടീസ്. സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാര്‍ കേരള സ്റ്റേറ്റ് കമ്മിറ്റിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

തെരഞ്ഞെടുപ്പു കമ്മീഷനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിതെന്നും തങ്ങള്‍ മാവോയിസ്റ്റുകളെ സഹായിക്കുന്നു എന്ന തരത്തില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ തെളിവുനല്‍കുകയോ അല്ലെങ്കില്‍ നിരുപാധികം മാപ്പു പറയുകയോ ചെയ്യണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. അഭിഭാഷകനായ സബി ജോസഫ് മുഖേനയാണ് സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാര്‍ വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

25.6.2017ന് മാതൃഭൂമി കോട്ടയം എഡിഷനില്‍ ‘സംസ്ഥാനത്തെ സമരങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം കൂടുന്നതായി ഇന്റലിജന്‍സ്’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് നോട്ടീസിനാധാരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിവിധ സമരങ്ങളില്‍ നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റിന്റെ സാന്നിധ്യം വര്‍ധിച്ചുവരികയാണെന്നും മാവോയിസ്റ്റുകളെ സഹായിക്കുന്ന സംഘടനകളായ റെഡ് സ്റ്റാര്‍, പോരാട്ടം, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, ആര്‍.സി.എഫ് എന്നിവയാണ് സമരങ്ങള്‍ക്കായി ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട് എന്ന തരത്തിലായിരുന്നു മാതൃഭൂമി റിപ്പോര്‍ട്ട്.


Also Read: Film Review  ‘ടിയാന്‍’ വെറും കപടമാണ്!


തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അടുത്തിടെ വൈപ്പിനിലെ സമരത്തിനും കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഭൂസമരങ്ങള്‍ക്കു പിന്നിലും ഈ സംഘടനകള്‍ക്ക് പങ്കുണ്ടെന്നും വാര്‍ത്തയില്‍ ആരോപിക്കുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് റെഡ് സ്റ്റാര്‍ പൊതുവില്‍ അറിയപ്പെടുന്നത് റെഡ് സ്റ്റാര്‍ എന്നാണ്. അതുകൊണ്ടുതന്നെ വാര്‍ത്തയില്‍ മുഴുവന്‍ പേരു പറയാതെ റെഡ്സ്റ്റാര്‍ എന്നു മാത്രം പരാമര്‍ശിച്ചിരിക്കുന്നത്‌സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാര്‍ ആണെന്ന ധാരണ ആളുകളില്‍ സൃഷ്ടിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സി.പി.ഐ മാവോയിസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെയും പ്രത്യയശാസ്ത്രത്തെയും എതിര്‍ത്തിട്ടുള്ളതാണ് തങ്ങളുടെ രാഷ്ട്രീയപാര്‍ട്ടിയെന്നും നോട്ടീസില്‍ അവകാശപ്പെടുന്നു.

Advertisement