എഡിറ്റര്‍
എഡിറ്റര്‍
മുണ്ടൂരില്‍ ഒത്തുതീര്‍പ്പില്ല, സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊടിയേരിയെ തടഞ്ഞു
എഡിറ്റര്‍
Wednesday 26th September 2012 6:12pm

Kodiyery Balakrishnan

മുണ്ടൂര്‍: മുണ്ടൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ വാഹനം തടഞ്ഞു. മുണ്ടൂരില്‍ ഇന്ന് നടന്ന പാര്‍ട്ടി റിപ്പോര്‍ട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ഗോകുല്‍ ദാസ് അനുകൂലികളായ സി.പി.ഐ.എം പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്.  പിന്നീട് ഗോകുല്‍ ദാസ് അടക്കമുള്ള നേതാക്കന്മാരെത്തി വാഹനം കടത്തിവിടുകയായിരുന്നു.

Ads By Google

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ത്ത മുണ്ടൂര്‍ ഏരിയ ജനറല്‍ബോഡി യോഗം ഇന്ന് രാവിലെ മുതല്‍ കോടിയേരിയുടെ നേതൃത്വത്തില്‍ നടന്നു വരികയായിരുന്നു. യോഗത്തില്‍ ഗോകുല്‍ ദാസിനെ അനുകൂലിക്കുന്നവരെ മുഴുവന്‍ തിരിച്ചെടുക്കാനും പഴയ പാര്‍ട്ടി സ്ഥാനങ്ങള്‍ തിരിച്ചു നല്‍കാനും നേരത്തെ ധാരണയിലെത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം വിശദീകരിക്കുന്നതിനിടെ നേരത്തെ അംഗീകരിച്ച തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് കോടിയേരി പറഞ്ഞതിനെ തുടര്‍ന്ന് യോഗത്തിനിടയില്‍ ഒച്ചപ്പാടുണ്ടായിരുന്നു.

മുണ്ടൂര്‍ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയ പി.എ.ഗോകുല്‍ദാസിന് പകരം നിയോഗിച്ച പി.കെ.സുധാകരന്‍ ഏരിയാ സെക്രട്ടറിയായി തുടരുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചതാണ് യോഗത്തില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ആര് ഒച്ച വെച്ചാലും സംസ്ഥാന സമിതി തീരുമാനം നടപ്പാക്കുക തന്നെ ചെയ്യുമെന്ന് കോടിയേരി തറപ്പിച്ച് പറഞ്ഞു.

ഗോകുല്‍ ദാസ് പറയുന്നയാളെ പാര്‍ട്ടി സെക്രട്ടറിയാക്കാനും അദ്ദേഹത്തെ ഏരിയാ കമ്മിറ്റിയില്‍ തിരിച്ചെടുക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ ധാരണയായിരുന്നു. എന്നാല്‍ ഇന്നു നടന്ന പാര്‍ട്ടി വിശദീകരണത്തിനിടയില്‍ ആ തീരുമാനം നടപ്പാക്കാന്‍ കഴിയില്ലെന്നും മുണ്ടൂരിലെ പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ എളമരം കരീം പരിശോധിക്കുമെന്നും അതുവരെ പി.കെ.സുധാകരന്‍ തുടരുമെന്നുമായിരുന്നു ഏരിയാ ജനറല്‍ബോഡി യോഗത്തില്‍ കോടിയേരി വിശദീകരിച്ചത്.

കോടിയേരിയുടെ നിലപാടില്‍ പ്രതിഷേധിച്ച ഗോകുല്‍ ദാസ് അനുകൂലികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോടിയേരിയുടെ വാഹനം തടയുകയുമായിരുന്നു.

Advertisement