ബര്‍ദ്വാന്‍: പശ്ചിമ ബംഗാളിലെ ശക്തി കേന്ദ്രമായിരുന്ന ബര്‍ദ്വാനില്‍ സി.പി.ഐ.എമ്മിന് അടിതെറ്റുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിറകെ പാര്‍ട്ടിക്കും പോഷക സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ബര്‍ദ്വാനില്‍. ജില്ലയിലെ 175 ഓഫീസുകള്‍ പൂട്ടി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം മൂലമാണ് ഓഫീസുകള്‍ പൂട്ടേണ്ടിവന്നത് എന്നത് സി.പി.ഐ.എം നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സമീപിക്കാനൊരുങ്ങുകയാണ് ബര്‍ദ്വാനിലെ സി.പി.ഐ.എം നേതാക്കള്‍.

മുപ്പത്തിനാല് വര്‍ഷം ഇടത് പാര്‍ട്ടികളുടെ പ്രത്യേകിച്ച് സി.പി.ഐ.എമ്മിന്റെ കോട്ടയായിരുന്നു ബര്‍ദ്വാന്‍. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടുത്തെ 26 സീറ്റില്‍ 23ഉം ഇടതുപക്ഷം നേടി. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റില്‍ മാത്രമാണ് ഇടത് പക്ഷത്തിന് കിട്ടിയത്. ബാക്കി തൃണമൂല്‍- കോണ്‍ഗ്രസ് സഖം സ്വന്തമാക്കി. മെയ് 13ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ തുടങ്ങിയതാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതികാര നടപടികളെന്ന് സി.പി.ഐ.എം നേതാക്കള്‍ പറയുന്നു.

സി.പി.ഐ.എം, സി.ഐ.ടി.യു ഡി.വൈ.എഫ്.ഐ.എസ്.എഫ്.ഐ എന്നിവയുടേതായി 175 ഓഫീസുകള്‍ ഇതിനകം പൂട്ടി. ചില ഓഫീസുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയടക്കുകയായിരുന്നു. മറ്റ് ചിലത് അവരുടെ ഭീഷണി മൂലം പൂട്ടേണ്ടിവന്നു. ഓഫീസിന്റെ പരിസരത്തേക്ക് വരാന്‍ സി.പി.ഐ.എം പ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് പാര്‍ട്ടിയുടെ ബര്‍ദ്വാന്‍ ജില്ലാ സെക്രട്ടറി അമല്‍ ഹാല്‍ദാര്‍ പറയുന്നു.

ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പോലീസും ജില്ലാ ഭരണകൂടവും നടപടി സ്വീകരിക്കുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് എഴുതിയിട്ടുണ്ടെന്നും ഹാല്‍ദാര്‍ കൂട്ടിച്ചേര്‍ത്തു.