എഡിറ്റര്‍
എഡിറ്റര്‍
നെല്ലിയാമ്പതിയില്‍ സി.പി.ഐ.എം, സി.പി.ഐ സംഘങ്ങള്‍ സന്ദര്‍ശനം നടത്തുന്നു
എഡിറ്റര്‍
Thursday 9th August 2012 10:46am

തിരുവനന്തപുരം: നെല്ലിയാമ്പതിയില്‍ സി.പി.ഐ.യും സി.പി.എമ്മും രണ്ട് സംഘങ്ങളായി സന്ദര്‍ശനം നടത്തുന്നു. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ എ.കെ. ബാലന്‍, എളമരം കരീം എന്നിവരാണ് സി.പി.ഐ.എം സംഘത്തിലുള്ളത്.

Ads By Google

സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സത്യന്‍ മൊകേരി, ജോസ് ബേബി, വി. ചാമുണ്ണി, കെ.പി സുരേഷ് രാജ്, വിജയന്‍ കുനിശേരി എന്നിവരടങ്ങുന്നതാണ് സി.പി.ഐ സംഘം.

അഭിപ്രായഭിന്നതകളുള്ളതുകൊണ്ടല്ല രണ്ട് സംഘങ്ങളായി സന്ദര്‍ശനം നടത്തുന്നതെന്ന് എ.കെ ബാലന്‍ പറഞ്ഞു. നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ അട്ടിമറി നടത്തുന്നുണ്ട്. അതിനായി ജനങ്ങള്‍ ചെറുത്തുനില്‍പ്പ് നടത്തേണ്ടതുണ്ട്. ഈ ഭൂമി സംരക്ഷിക്കണമെന്നും എ.കെ ബാലന്‍ പറഞ്ഞു.

നെല്ലിയാമ്പതി വിഷയം എല്‍.ഡി.എഫ് യോജിച്ച് കൈകാര്യം ചെയ്യുമെന്നും വിഷയം അട്ടിമറിക്കാനുള്ള ശ്രമം ഏതുവിധേനയും തടയുമെന്നും സത്യന്‍ മൊകേരി പറഞ്ഞു. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. തോട്ടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും സത്യന്‍ മൊകേരി ആവശ്യപ്പെട്ടു.

നെല്ലിയാമ്പതി ഉയര്‍ത്തിയ രാഷ്ട്രീയപ്രശ്‌നം സി.പി.ഐ.എം സെക്രട്ടേറിയറ്റ് ഇന്നലെ ചര്‍ച്ച ചെയ്തിരുന്നു. വനഭൂമി റവന്യു ഭൂമിയാക്കണമെന്ന ആവശ്യത്തോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നും എന്നാല്‍ സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമാക്കി കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അതിന്റെ പ്രയോജനം ലഭ്യമാക്കാനാകുമോ എന്നാണ് പാര്‍ട്ടി ആരായുന്നതെന്നും യോഗത്തില്‍ പറഞ്ഞു.

നെല്ലിയാമ്പതി സന്ദര്‍ശന ശേഷം ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കുക. സി.പി.ഐ സംഘത്തോടും റിപ്പോര്‍ട്ട് നല്‍കാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement