ഡെറാഡൂണ്‍: ഡറാഡൂണിലെ സി.പി.ഐ.എം ഓഫീസിനുനേരെ ബി.ജെ.പി ആക്രമണം. ഓഫീസിലേക്ക് അതിക്രമിച്ചു കയറി ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്ന സി.പി.ഐ.എം പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദ്ദിച്ചു.

Subscribe Us:

പൊലീസ് നോക്കിനില്‍ക്കെയായിരുന്നു അതിക്രമമെന്ന് ഉത്തരാഖണ്ഡ് സി.പി.ഐ.എം ആരോപിക്കുന്നു.

കേരളത്തില്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ സി.പി.ഐ.എം ആക്രമിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഭവം. ബി.ജെ.പി മഹാനഗര്‍ ഓഫീസില്‍ നിന്നാണ് റാലി ആരംഭിച്ചത്.

ബി.ജെ.പി പ്രസിഡന്റ് ഉമേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലായിരുന്നു റാലി. സി.പി.ഐ.എം ഓഫീസിനു മുമ്പിലെത്തിയ പ്രതിഷേധക്കാര്‍ ഓഫീസിനുനേരെ കല്ലെറിയുകയായിരുന്നു. ഇതിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ അവരും ആക്രമിക്കപ്പെടുകയായിരുന്നു.

സംഘര്‍ഷത്തില്‍ സുരേന്ദ്ര സിങ് സജ്‌വാന്‍, ശിവ പ്രസാദ് ദെവില്‍, ഷേര്‍ സിങ് റാണ, അഭിഷേക് എന്നിവര്‍ക്കു പരുക്കേറ്റതായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി രാജേന്ദ്ര പുരോഹിത് പറഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്നും ബി.ജെ.പി പ്രവര്‍ത്തകരുടെ ഗുണ്ടായിസം ബി.ജെ.പി എം.എല്‍.എമാരായ വിനോദ് ചമോലി, ഹര്‍ബന്‍സ് കപൂര്‍, മുന്ന സിങ് നോക്കുനില്‍ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.


Must Read: ഇലക്ട്രിക് പോസ്റ്റ് മുതല്‍ വേസ്റ്റ്‌കൊട്ടവരെ കാവി; ഉത്തര്‍പ്രദേശിന് കാവിപെയിന്റടിച്ച് യോഗിആദിത്യനാഥ് സര്‍ക്കാര്‍


ബി.ജെ.പിയുടെ ഫാസിസത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം എല്ലാ മേഖലകളിലും അവര്‍ നേരിട്ട പരാജയം മറച്ചുപിടിക്കാന്‍ വേണ്ടിയാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.