Administrator
Administrator
കേരളത്തില്‍ തീവ്രവാദം വളര്‍ത്തിയത് യു ഡി എഫ്: സി പി ഐ എം
Administrator
Friday 1st January 2010 7:50pm

cpim
തിരുവനന്തപുരം: പി ഡി പിയും മഅദനിയും തീവ്രവാദം പറഞ്ഞിരുന്ന കാലത്ത് അവരെ പിന്തുണച്ച് കേരളത്തില്‍ തീവ്രവാദം വളര്‍ത്തിയത് യു ഡി എഫാണെന്ന് സി പി ഐ എം സംസ്ഥാന സമിതി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പി ഡി പി ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഈ പിന്തുണ സ്വീകരിച്ചതിനുപ്പുറം പി ഡി പിയുമായി പാര്‍ട്ടി സീറ്റു ധാരണയോ ഭാവി ധാരണകളോ ഉണ്ടാക്കിയിട്ടില്ല. ജയില്‍വാസത്തിനു ശേഷം മഅദനിയുടെ നിലപാടുകളില്‍ മാറ്റമുണ്ടായിട്ടുണ്ട്.

2001 ല്‍ മഅദനിയുമായി പരസ്യമായി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയത് യു ഡി എഫ് ആണ്. പി ഡി പിയും മദനിയും തീവ്രവാദ നിലപാട് സ്വീകരിച്ചിരുന്നപ്പോഴാണിത്. എന്നാല്‍ ഇപ്പോള്‍ മദനി വിവാദം ഉയര്‍ത്തി സി പി ഐ എമ്മിന്റെ മതേതര പ്രതിച്ഛായ തകര്‍ക്കാനുളള ശ്രമമാണ് യു ഡി എഫും മാധ്യമങ്ങളും നടത്തുന്നത്. ഇത്തരം ശ്രമങ്ങള്‍ ഒരു പ്രത്യേക സമുദായത്തിനെതിരെയാകുന്ന നില ഉണ്ടായിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

നയനാര്‍ വധശ്രമകേസ് പിന്‍വലിക്കാന്‍ യു ഡി എഫാണ് ശ്രമിച്ചത്. തടിയന്റവിടെ നസീറിനെതിരായ കേസുകള്‍ ദുര്‍ബലപ്പെടുത്തിയതും അവരാണ്്. വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭവും തീവ്രവാദത്തിനെതിരേ പ്രചരണവും സി പി ഐ എം സംഘടിപ്പിക്കും. ദേശീയ അന്വേഷണ ഏജന്‍സി നിയമപരമായി കേരളത്തിലെ കേസുകള്‍ ഏറ്റെടുക്കുന്നതിനോട് പാര്‍ട്ടിക്കു വിയോജിപ്പില്ല. എന്നാല്‍ എന്‍ ഐ എ നിലവില്‍ വരും മുമ്പുള്ള കേസുകള്‍ സംസ്ഥാനത്തിന്റെ അനുമതി കൂടാതെ ഏറ്റെടുക്കുന്നതിനോടാണ് വിയോജിപ്പ് . മഅദനിക്കെതിരായ കേസുകളില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് സി പി ഐ എം സംസ്ഥാന സമിതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Advertisement