എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടി കോടതികള്‍ സ്ഥാപിക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നു: എ.കെ ആന്റണി
എഡിറ്റര്‍
Monday 31st March 2014 8:16am

antony580

കാസര്‍ഗോഡ്: ജനാധിപത്യ വ്യവസ്ഥയില്‍ ലോകത്തിന് മാതൃകയായി നില്‍ക്കുന്ന രാജ്യത്തെ കോടതികളെ പരിഹസിച്ച് പാര്‍ട്ടി കോടതികള്‍ രൂപവത്കരിക്കാനാണ് സി.പി.ഐ.എം. ശ്രമിക്കുന്നതെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി അഭിപ്രായപ്പെട്ടു. കാസര്‍ഗോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ടി സിദ്ദിഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ കോടതിയുടെ കണ്ടെത്തലുകള്‍ സി.പി.ഐ.എം അംഗീകരിക്കുന്നില്ല. തങ്ങളുടെ ഒരു നേതാവ് മാത്രമാണ് പ്രതിയെന്ന്് പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ കണ്ടെത്തി അത് പ്രചരിപ്പിക്കുകയാണ്. അങ്ങനെയെങ്കില്‍ സുപ്രീംകോടതിയും ഹൈക്കോടതിയും പിരിച്ച് വിടുന്നതല്ലേ നല്ലതെന്ന് ആന്റണി ചോദിച്ചു.

നാട്ടില്‍ പാര്‍ട്ടി കോടതികള്‍ സ്ഥാപിക്കണമോ എന്ന് ചോദിച്ച അദ്ദേഹം ഇത് അത്യന്തം അപകടകരമായ സ്ഥിതിയാണെന്നും കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എം ഇപ്പോഴും പാര്‍ട്ടിയില്‍ തീരുമാനമെടുത്ത് കൊലപാതകങ്ങള്‍ നടത്തുകയാണന്നും പഴഞ്ചന്‍ പരിപാടികളും മുദ്രാവാക്യങ്ങളുമായാണ് അവര്‍ ഇപ്പോഴും നീങ്ങുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി.

പുതിയ വോട്ടര്‍മാരില്‍ 80 ശതമാനവും കൊലപാതക രാഷ്ട്രീയത്തിന് എതിരാണ്. മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്ന അവര്‍ യു.ഡി.എഫിനൊപ്പമാണ് നില്‍ക്കുന്നതെന്നും കാലത്തിനൊത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാറുന്നില്ലെങ്കില്‍ അവയുടെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കുമെന്നും ആന്റണി പറഞ്ഞു.

സര്‍വേകളില്‍ പറയുന്നപോലെ ഇന്ത്യയില്‍ യു.പി.എയ്ക്ക് സര്‍വനാശം ഉണ്ടാകില്ല. ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യവുമായി വാജ്‌പേയിയുടെ നേതൃത്വത്തില്‍ 2004-ലെ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ പരാജയമായിരുന്നു ഫലം. തിരഞ്ഞെടുപ്പ് അടുക്കുന്തോറും ബി.ജെ.പിയുടെ ഗ്രാഫ് താഴുകയാണ്. ഒരമ്മ പെറ്റ മക്കളെപോലെ കഴിയുന്ന സമൂഹത്തെ ഭിന്നിപ്പിക്കുന്ന ആശയവുമായി നീങ്ങുന്ന നരേന്ദ്രമോഡിയുടെ കയ്യില്‍ രാജ്യത്തിന്റെ അധികാരം എത്തുന്ന സ്ഥിതി ഉണ്ടാകില്ലെന്നും പുതിയ ബി.ജെ.പിക്ക്് ചെങ്കോട്ടയക്ക് അരികിലെത്താന്‍ കഴിയില്ലെന്നും ആന്റണി അഭിപ്രായപ്പെട്ടു.

1971-ല്‍ കെ.എസ്.യു.നേതാവായ കടന്നപ്പള്ളി രാമചന്ദ്രനെ നിര്‍ത്തിയാണ് ചെങ്കോട്ടയെന്ന് അറിയപ്പെട്ടിരുന്ന കാസര്‍ഗോഡ് പിടിച്ചെടുത്തത്. ഇതേ പരീക്ഷണമാണ് ഇപ്പോള്‍ നടത്തുന്നത്. കാസര്‍കോട്ടെ പുതിയ 1.20 ലക്ഷം വോട്ടും സിദ്ദിഖിനുള്ളതാണെന്നും ഇവിടെ വീണ്ടും ചരിത്രം തിരുത്തിക്കുറിക്കുമെന്നും ആന്റണി പറഞ്ഞു.

Advertisement