കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് വീട്ടില്‍ ശുഹൈബിനെ ഭീഷണിപ്പെടുത്തി സി.പി.ഐ.എം പ്രകടനം നടത്തിയതായി റിപ്പോര്‍ട്ട്. പ്രകടനത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

രണ്ടാഴ്ച മുമ്പാണ് ശുഹൈബിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സി.പി.ഐ.എം പ്രകടനം നടത്തിയത്. ശുഹൈബിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നായിരുന്നു പ്രകടനത്തില്‍ സി.പി.ഐ.എം വിളിച്ച മുദ്രാവാക്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മടന്നൂര്‍ എടയന്നൂരിലായിരുന്നു സി.പി.ഐ.എമ്മിന്റെ പ്രകടനം.

എന്നാല്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കും. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബ് കൊല്ലപ്പെട്ടത്. വാഗണര്‍ കാറിലെത്തിയ നാലംഗ സംഘം തട്ടുകടയില്‍ ഇരുന്ന ഇയാളെയും സുഹൃത്തുക്കളെയും ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

കഴിഞ്ഞമാസം എടയന്നൂരിലുണ്ടായ സി.പി.ഐ.എം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായ ശുഹൈബ് ഈയിടെയാണ് പുറത്തിറക്കിയത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഇപ്പോള്‍ നടനന ആക്രമണങ്ങളെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കിയ സൂചന.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.