കോഴിക്കോട്: കുലംകുത്തികളെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നേതാക്കളുമായി സി.പി.ഐ.എം ചര്‍ച്ച തുടങ്ങി. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഒഞ്ചിയത്തെ വിമത നേതാക്കളുമായി പാര്‍ട്ടി നേതൃത്വം ചര്‍ച്ചയാരംഭിച്ചു.

ഒഞ്ചിയത്തെ വിമതനേതാക്കള്‍ പാര്‍ട്ടിയിലേക്ക് തിരച്ചുവരണമെന്ന് സി.പി.ഐ.എം ജില്ലാസെക്രട്ടറി ടി.പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. നിലപാട് മാറ്റിയാല്‍ നടപടിക്ക് വിധേയരായവരുടെ കാര്യം പുനപരിശോധിക്കുമെന്നും നേതാക്കളുമായി ഇക്കാര്യം ചര്‍ച്ചചെയ്തുവരികയാണെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നും അകന്നുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന്റെ സമയത്തു തന്നെ പാര്‍ട്ടി നീക്കമാരംഭിച്ചിരുന്നു. തെറ്റിദ്ധരിക്കപ്പെട്ട അണികള്‍ക്കും അനുഭാവികള്‍ക്കും തിരിച്ചുവരാമെന്നും നേതാക്കള്‍ക്ക് മാപ്പില്ല എന്നുമായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. ഈ നിലപാടില്‍ പാര്‍ട്ടി അയവു വരുത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍.

അതിനിടെ സി.പി.ഐ.എം സംസ്ഥാന നേതൃത്വം തന്നെ വിമതനേതാക്കളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ഒഞ്ചിയത്തെ നേതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞിട്ടുണ്ടെന്നും സൂചനയുണ്ട്.