ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാമെന്ന സി.പി.ഐ.എമ്മിന്റെ മുന്‍ നിലപാട് മാറ്റുന്നു. കോണ്‍ഗ്രസിന് പുറത്തു നിന്നുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നാണ് സി.പി.ഐ.എം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ ആണ് പാര്‍ട്ടിയുടെ തീരുമാനമറിയിച്ചത്.

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഹമീദ് അന്‍സാരിയേയോ പ്രണബ് മുഖര്‍ജിയെയോ നിര്‍ദേശിച്ചാല്‍ അംഗീകാരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയാല്‍ മതിയെന്ന് ധാരണയായത്. കേന്ദ്ര കമ്മിറ്റി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാത്തിന് പോളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Subscribe Us:

ടി.പി. ചന്ദ്രശേഖരന്‍ വധത്തിന് ശേഷം കേരളത്തിലെ സി.പി.ഐ.എമ്മിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്നും പോളിറ്റ്ബ്യൂറോ വിലയിരുത്തിയിട്ടുണ്ട്. രണ്ടു തവണയാണ് കേരളത്തിലെ രാഷ്്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പോളിറ്റ്ബ്യൂറോ ചേര്‍ന്നത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മില്‍ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും നിരീക്ഷിച്ചിട്ടുണ്ട്. എ്ന്നാല്‍ അച്ചടക്ക നടപടിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല.

കേരളത്തിലെ സംഭവവികാസങ്ങള്‍ ഇന്നു ചേരുന്ന കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയ റിപ്പോര്‍ട്ടും സംസ്ഥാന സമിതിക്കെതിരേ വിഎസ് നല്‍കിയ കത്തുകളും അടിസ്ഥാനമാക്കിയായിരിക്കും ചര്‍ച്ച.